പാലത്തായി പീഡനക്കേസ്; ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരളം സുപ്രീം കോടതിയിൽ

കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.

By Senior Reporter, Malabar News
Palathayi case

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ.

ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തു. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. തലശേരി പോക്‌സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.

ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ ഒരുവർഷവും 11 ദിവസവും മാത്രമാണ് പത്‌മരാജൻ ജയിലിൽ കഴിഞ്ഞതെന്നാണ് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണക്കോടതി വിധിയിൽ തെറ്റുകളോ അപാകതകളോ ചൂണ്ടിക്കാണിക്കാതെ ഹൈക്കോടതി ശിക്ഷാവിധി സസ്‌പെൻഡ് ചെയ്‌തത്‌ നിയമവിരുദ്ധമാണെന്ന് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നാലാം ക്ളാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് പത്‌മരാജൻ മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പോലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകുകയായിരുന്നു.

സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പരാതി നൽകിയത്. തുടർന്ന് പോക്‌സോ ചുമത്തി കേസെടുത്തു. ഏപ്രിൽ 15നാണ് പ്രതിയെ അറസ്‌റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ച് അടക്കം നാല് സംഘം മാറിമാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്‌ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

പാലത്തായി കേസിന്റെ തുടക്കത്തിൽ പ്രതിയെ അറസ്‌റ്റ് ചെയ്യാൻ വൈകിയതും പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയതും ഏറെ വിവാദമായിരുന്നു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് അന്വേഷണം പൂർത്തിയാക്കിയത്. 2025 നവംബർ 25നാണ് കേസിൽ പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE