കൊച്ചി: സംസ്‌ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മിന്നൽ പരിശോധന. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എടുത്ത കേസുകളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് പുറത്തുവന്നതിന് പിന്നാലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നിരവധി സഹകരണ ബാങ്കുകൾ ഇഡിയുടെ നിരീക്ഷണത്തിലാവുകയും പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകൾക്ക് പിന്നാലെ ഇഡി കേസെടുത്ത് അന്വേഷണവും നടത്തുകയുമായിരുന്നു.
ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിൽ നേരത്തെ ഉൾപ്പെടുകയും അറസ്‌റ്റിലാവുകയും ചെയ്‌തവരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന പ്രധാനമായും നടക്കുന്നത്. എറണാകുളത്ത് അങ്കമാലി അർബൻ സഹകരണ സംഘത്തിലും അതിനോട് അനുബന്ധിച്ചുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ തട്ടിപ്പ് നടന്ന സമയത്ത് അങ്കമാലി, കാലടി പ്രദേശങ്ങളിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളായിരുന്നു ബാങ്ക് ഭരണസമിതിയിൽ ഉണ്ടായിരുന്നത്. ഇവരിൽ പലരും കേസിൽ പ്രതികളാവുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട് ഇഡി യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴോളം കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
32 കോടിയോളം തട്ടിപ്പ് നടന്നെന്ന പരാതിയെ തുടർന്ന് തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലാണ് പരിശോധന. ജില്ലയിലെ മറ്റു നാലിടങ്ങളിലും ഇഡി റെയ്‌ഡ് നടത്തുന്നുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിന് സമാനമായ രീതിയിലാണ് കുട്ടനെല്ലൂരിലും ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































