കൊച്ചി: യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിൽസയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമാണെന്നാണ് പോലീസ് കണ്ടെത്തി. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തകർക്കമാണ് മർദ്ദനത്തിന് കാരണമായത്.
പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും ബിബിനും പണം ആവശ്യപ്പെട്ടു. ആറുകോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഡോക്ടർ വഴങ്ങാതെ വന്നതോടെ മർദ്ദിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നടന്നത് ഹണിട്രാപ്പാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പോലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. നടൻ ബിബിൻ പെരുമ്പള്ളിയുടെ സഹായിയും കേസിലെ പ്രതിയുമായ കെബി വിഷ്ണു എട്ടു കേസുകളിലോളം പ്രതിയാണ്. ഡോക്ടറെ തടഞ്ഞുവെച്ച് 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷണം നടത്തിയെന്നാണ് നടിക്കും സംഘത്തിനും എതിരായ പരാതി.
എറണാകുളം കുരീക്കാട് സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. 12 പേർക്കെതിരെയാണ് കേസ്. ഒമ്പത് പ്രതികളെ പിടികൂടാനുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയർ ജനത റോഡിലുള്ള അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അതുല്യ ചന്ദ്രയാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. പ്രതികളിൽ ഒരാളുടെ മാതൃസഹോദരിക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും അടിയന്തര ചികിൽസ ആവശ്യമാണെന്നും പറഞ്ഞാണ് വിളിച്ചത്.
ഫ്ളാറ്റിലെത്തിയ ഡോക്ടറെ സംഘം മർദ്ദിക്കുകയായിരുന്നു. ബിബിൻ ഡോക്ടറുടെ മുഖത്ത് അടിക്കുകയും കസേരയിൽ ബലമായി ഇരുത്തി വാരിയെല്ലുകളുടെ ഭാഗത്ത് പലതവണ ഇടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും ഇയർപോഡുകളും രണ്ടാംപ്രതി തട്ടിയെടുത്തു.
Sports| രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ






































