കൊച്ചി: ഇന്ത്യ-ജിസിസി നയതന്ത്ര ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനം ‘കൊച്ചി ഡയലോഗ് 2026’, നവംബർ 18 മുതൽ 20 വരെ താജ് വിവാന്ത ഹോട്ടലിൽ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് നവംബർ 18ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള അംബാസഡർമാർ, നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ ഇന്ത്യയിൽ നിന്നും ജിസിസിയിൽ നിന്നുമുള്ള സർക്കാർ പ്രതിനിധികൾ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, പൊതുനയ വിദഗ്ധർ എന്നിവർ സമ്മേളനത്തിന്റെ ഭാഗമാകും.
വിദേശകാര്യ മന്ത്രാലയത്തിന് (MEA) കീഴിലുള്ള പോളിസി പ്ളാനിംഗ് ആൻഡ് റിസർച്ച് (PP&R) ഡിവിഷനുമായി സഹകരിച്ച് കൊച്ചിയിലെ സെന്റർ ഫോർ പബ്ളിക് പോളിസി റിസർച്ച് (CPPR) ആണ് ഈ ത്രിദിന ഫോറം സംഘടിപ്പിക്കുന്നത്. ഇന്ത്യയും ജിസിസിയും തമ്മിലുള്ള പൊതുവായ മുൻഗണനകളെക്കുറിച്ചും പ്രായോഗിക സഹകരണ സാധ്യതകളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് സമ്മേളനം വഴിയൊരുക്കും.
“ടുവേർഡ്സ് ആൻ ഇന്നൊവേറ്റീവ് ആൻഡ് ഇന്റഗ്രേറ്റഡ് ഇന്ത്യ-ജിസിസി പാർട്ണർഷിപ്പ്” (Towards an Innovative and Integrated India–GCC Partnership, നൂതനവും സംയോജിതവുമായ ഇന്ത്യ-ജിസിസി പങ്കാളിത്തം) എന്ന പ്രമേയത്തിലാണ് കൊച്ചി ഡയലോഗ് നടക്കുന്നത്. പരമ്പരാഗത വ്യാപാര ബന്ധങ്ങൾക്കപ്പുറം ഇരുപക്ഷത്തിനും പൊതുതാൽപര്യമുള്ള പ്രധാന മേഖലകളിൽ സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉറപ്പാക്കുന്നതിലാണ് ഈ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Most Read| ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

































