ബിഎൽഎം സാമ്പത്തികത്തട്ടിപ്പ്; ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇഡി

ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്‌ഔട്ട് നോട്ടീസ് അടക്കമുള്ള നടപടിക്രമങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിഗണനയിലുണ്ട്.

By Senior Reporter, Malabar News
ed-to-question-r-premkumar
ആർ പ്രേംകുമാർ

കോഴിക്കോട്: ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ചോദ്യം ചെയ്യൽ.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും ഹവാല ഇടപാടുകളിലുമാണ് ഇഡി ഇപ്പോൾ പരിശോധന ശക്‌തമാക്കിയത്. അടുത്ത ആഴ്‌ചയോടെ പ്രേംകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകും. അതേസമയം, ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്‌ഔട്ട് നോട്ടീസ് അടക്കമുള്ള നടപടിക്രമങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിഗണനയിലുണ്ട്.

സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎമ്മിന്റെ 104 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. ശതകോടിയുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്‌ഥാന മന്ദിരം, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലടക്കം പത്തോളം പ്രധാന കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

റെയ്‌ഡിൽ ഗുരുതര തട്ടിപ്പ് കണ്ടെത്തിയെന്നാണ് ഇ ഡി പറയുന്നത്. ഹൗസിങ് സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റി എന്നടക്കം കണ്ടെത്തിയിട്ടുണ്ട്.

ഉയർന്ന ലാഭവിഹിതവും പലിശയും വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുകൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തികവിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട് അനുസരിച്ച് സൊസൈറ്റിയിലേക്ക് വന്ന നിക്ഷേപ തുക സ്‌ഥാപകൻ ആർ പ്രേംകുമാർ തനിക്കും ബന്ധുക്കൾക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.

കൂടാതെ, തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ ഈ പണം ഉപയോഗിച്ചതായും കണ്ടെത്തി. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ, അറസ്‌റ്റിൽ നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയിരുന്നു. തുടർന്ന് പ്രേംകുമാറിനെ വീണ്ടും അറസ്‌റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ ക്രൈം ബ്രാഞ്ച് തുടരുന്നതിനിടെയാണ് ഇഡി നടപടികൾ.

Most Read| ഇസ്രയേൽ സർക്കാർ രൂപീകരണം; ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡണ്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE