കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത ഡോക്ടർ ജോൺസൺ കെ വർഗീസ് വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഇൻഫോപാർക്ക് പോലീസ് കേസെടുത്തതോടെ ഒളിവിൽപ്പോയ ഡോക്ടർക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
യുനനടി അതുല്യ ചന്ദ്രയടക്കം അറസ്റ്റിലായ ബ്ളാക്ക്മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ. നടിയുടെ ബന്ധുവായ 50കാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഇയാളുടെ പേരിൽ കേസെടുത്തത്. ബ്ളാക്ക്മെയിലിങ് കേസിൽ അറസ്റ്റിലായ അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെബി വിഷ്ണു (31) എന്നിവരെ തിങ്കളാഴ്ച കടവന്ത്ര പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കേസിൽ ഇനി അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധുവായ 50കാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിൽസ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദ്ദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
നടിയുടെ ബന്ധുവായ 50കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഡോക്ടറുടെ കൈയിൽ നിന്ന് കവർന്ന മൊബൈൽ ഫോൺ 50കാരിയുടെ കൈയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്. ഈ മൊബൈൽ ഫോൺ ഉൾപ്പടെ ഹാജരാക്കിയാണ് ഇൻഫോപാർക്ക് പോലീസിന് യുവതി പരാതി നൽകിയത്.
Most Read| അപ്രതീക്ഷിത നീക്കം; സർക്കാർ ഉണ്ടാക്കാൻ നെതന്യാഹുവിനെ ക്ഷണിച്ച് ഐസൻകോട്ട്




































