മലപ്പുറം: ചങ്ങരംകുളത്ത് മയക്കുമരുന്നുകളുമായി പ്രധാന ഏജന്റ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദിനെയാണ് (31) ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 66 ഗ്രാം എഡിഎംഎ, 11 ഗ്രാം ബ്രൗൺ ഷുഗർ, 16 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ പിടിയിലായ ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യപ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. ചങ്ങരംകുളം എടപ്പാൾ മേഖലയിൽ വീര്യം കൂടിയ ലഹരിവസ്‌തുക്കൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മുഖ്യപ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
അടിവസ്‌ത്രത്തിൽ കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് പ്രതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് വീര്യം കൂടിയ ലഹരിവസ്‌തുക്കൾ പ്രദേശത്ത് വിൽപ്പനക്ക് എത്തിച്ചതെന്നാണ് വിവരം. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ഇന്ന് പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Most Read: പരിസ്‌ഥിതി ലോല മേഖല; കരട് വിജ്‌ഞാപന കാലാവധി 31 വരെ, കര്‍ഷകർ പ്രക്ഷോഭത്തിലേക്ക്