കൊച്ചി: ജോലി ഭാരവും ഓഫീസിലെ സമ്മർദ്ദവുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ അമ്മ അനിത സെബാസ്‌റ്റ്യൻ. മകൾ പുതിയ കോർപറേറ്റ് സംസ്‌കാരത്തിന്റെ ഇരയായി. ജോലി സ്വഭാവത്തിൽ മാറ്റം വരണം. മറ്റൊരു രാജ്യത്തും ഇങ്ങനെയില്ല. ജോലി സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് നൽകി. ഇനിയൊരു മക്കൾക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അനിത പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 20നാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്‌റ്റ്യൻ പൂണെയിലെ താമസ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇവൈ കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്‌ത് നാല് മാസത്തിനുള്ളിലായിരുന്നു മരണം. ഉറക്ക കുറവും സമയം തെറ്റിയുള്ള ഭക്ഷണ രീതിയും മാനസിക സമ്മർദ്ദവും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തിൽ അനിത സെബാസ്‌റ്റ്യൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോൾ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നു. ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്നും ആരോപണമുണ്ട്. ഇന്ത്യയിലെ നാലാമത്തെ ബഹുരാഷ്‌ട്ര കമ്പനിയാണ് ഏണസ്‌റ്റ് ആൻഡ് യങ്.
അന്നയുടെ മരണത്തിന് പിന്നാലെ നിരവധി പേർ കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസിക പീഡനം, നിയമ വിരുദ്ധമായി പുറത്താക്കൽ, അവധി അനുവദിക്കാതെയുള്ള ജോലി സമ്മർദ്ദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ നാല് വർഷമായി കമ്പനിയിൽ ജോലി ചെയ്‌തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, അന്നയുടെ മരണത്തിൽ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തണമെന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചത്. സുരക്ഷിതമല്ലാത്ത, ചൂഷണം നടക്കുന്ന തൊഴിലിടങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. തൊഴിൽ മന്ത്രാലയം ഈ പരാതി ഗൗരവത്തോടെ പരിഗണിക്കുമെന്നും നീതി ഉറപ്പാക്കുമെന്നും ശോഭ അറിയിച്ചു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്