മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ്(36) ആണ് അറസ്‌റ്റിലായത്. ഇതോടെ കഴിഞ്ഞ ജൂൺ 21ന് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായവരുടെ എണ്ണം 48 ആയി ഉയർന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഗോവയിൽ നിന്നാണ് പിടികൂടിയതെന്ന് അന്വേഷണസംഘം വ്യക്‌തമാക്കി.
പാലക്കാട് സ്വദേശിയായ യാത്രക്കാരനെ മഞ്ചേരിയിലെ ഫ്‌ളാറ്റിലേക്ക് തട്ടിക്കൊണ്ടുപോയി മർദിച്ചു ലഗേജ് കവർന്ന കേസിലാണ് ഇപ്പോൾ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കൂടാതെ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങുമെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അബ്‌ദുൽ അസീസ് കാര്യോട്ട്, ഉണ്ണിക്കൃഷ്‌ണൻ മാരാത്ത്, പി സജ്‌ഞീവ്, എഎസ്ഐ ബിജു, കോഴിക്കോട് റൂറൽ പോലീസിലെ വികെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Read also: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്