അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ പേരില്‍ മികച്ച നവാഗത സംവിധായകനുള്ള പുസ്‌കാരമേര്‍പ്പെടുത്തിയതായി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ഐ വി ശശിയുടെ അസ്സോസിയേറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന മലയാളത്തിലെ മുന്‍നിര സംവിധായകരായ ഷാജൂണ്‍ കാര്യാല്‍, എം. പത്മകുമാര്‍, ജോമോന്‍ തുടങ്ങിയവര്‍ ‘ഫസ്‌റ്റ് ക്ളാപ്പ്’ സിനിമ കൂട്ടായ്മയുമായി സഹകരിച്ചുകൊണ്ടാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ വർഷവും സിനിമയിലേക്ക് കടന്നുവരുന്ന മികച്ച പുതുമുഖ സംവിധായക പ്രതിഭയ്ക്കാണ് പുരസ്‌കാരം സമ്മാനിക്കുക. സംവിധായകൻ റോഷൻ ആൻഡ്രൂസ്, തിരക്കഥാകൃത്ത് ജോൺ പോൾ, നിർമ്മാതാവ് വി.ബി.കെ മേനോൻ എന്നിവരടങ്ങുന്ന ജൂറി ആയിരിക്കും പുരസ്‌കാര ജേതാവിനെ നിർണയിക്കുക. 50000 രൂപയും പ്രശസ്ത ശിൽപി നേമം പുഷ്പരാജ് രൂപകൽപന ചെയ്ത ശിൽപവും പുരസ്‌കാര ജേതാവിന് ലഭിക്കും.
ഐവി ശശിയുടെ ഓർമ്മദിനമായ ഒക്ടോബർ 24 ന് അവാർഡ് പ്രഖ്യാപിക്കും. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ ചടങ്ങിൽ പങ്കെടുക്കും. വേദിയിൽ വെച്ച് ഐ വി ശശിയുടെ ഭാര്യയും അഭിനേത്രിയുമായ സീമയെ ആദരിക്കും.
ഇതോടൊപ്പം, ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവപ്രതിഭകളെ പ്രോത്സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ വി ശശിയുടെ പേരിൽ അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാനും തീരുമാനമായി. ഫസ്റ്റ് ക്ലാപിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിന്റെ ജൂറി ചെയർമാനായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും അംഗങ്ങളായി സംവിധായകരായ മധുപാൽ, അൻവർ റഷീദ്, വിധു വിൻസെന്റ്, മിഥുൻ മാനുവൽ തോമസ്, മധു സി നാരായണൻ എന്നിവരും സഹകരിക്കും.
ചിത്രത്തിന്റെ പരമാവധി ദൈർഘ്യം 30 മിനിറ്റ് ആയിരിക്കും. ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടി ഏത് ഭാഷയിൽ ഒരുക്കിയ ഷോർട് ഫിലിമുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. പ്രവാസി ചിത്രങ്ങൾക്കും, കാമ്പസ് ചിത്രങ്ങൾക്കുമായി മേളയിൽ പ്രത്യേക വിഭാഗമുണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2020 സെപ്റ്റംബർ 28-ന് മുൻപായി ചിത്രങ്ങൾ www.firstclapfilm.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
മികച്ച ഷോർട് ഫിലിമിന് 50000 രൂപയും, മികച്ച സംവിധായകന്‍ 25000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന് 25000 രൂപയും, പ്രശസ്തി പത്രവും പാരിതോഷികമായി ലഭിക്കും. മികച്ച പ്രവാസി ചിത്രത്തിന്റെ സംവിധായകനും, മികച്ച കാമ്പസ് ചിത്രത്തിനും, മികച്ച കാമ്പസ് ചിത്രത്തിന്റെ സംവിധായകനും, മേളയിലെ മികച്ച തിരക്കഥക്കും, മികച്ച നടീനടന്മാർക്കും 10000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നൽകും. ഈ വർഷം അവസാനത്തോടെ കോവിഡ് സാഹചര്യങ്ങൾ കൂടെ കണക്കിലെടുത്തുകൊണ്ടായിരിക്കും പരിപാടിയുടെ നടത്തിപ്പ്.