ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഹിജാബ് വിവാദവുമായി സംഭവത്തിന് ബന്ധമില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ എന്‍ഡി ടിവിയോട് പ്രതികരിച്ചു.
കൊല്ലപ്പെട്ട യുവാവ് തയ്യല്‍ക്കാരനായി ജോലിചെയ്യുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് നാലംഗസംഘം ഹര്‍ഷയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ശിവമോഗയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങളും അരങ്ങേറി. ശിവമോഗയില്‍ പലയിടത്തും അജ്‌ഞാതരായ അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അനിഷ്‌ഠ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘമാണ് ശിവമോഗയില്‍ ക്യാംപ് ചെയ്യുന്നത്. വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ചും നടത്തി. പ്രദേശത്ത് നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്.
യുവാവിന്റെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കൊല്ലപ്പെട്ട യുവാവും അക്രമിസംഘത്തില്‍പ്പെട്ടവരും പരസ്‌പരം അറിയുന്നവരാണ്. ഇവര്‍ തമ്മിലുള്ള മുന്‍വൈരാഗ്യം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് കരുതുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ