കണ്ണൂർ: സൈക്കിളിന്റെ മണി അടി കേട്ടാൽ ഇനി കണ്ണൂരിൽ ഉള്ളവർ ഒന്ന് തിരിഞ്ഞു നോക്കണം. ചിലപ്പോൾ അത് പോലീസാകാം. സംസ്‌ഥാനത്തെ ആദ്യ പെഡൽ പോലീസ് (ബൈസിക്കിൾ പട്രോളിംഗ്) സംവിധാനം ജില്ലയിലും ഉൽഘാടനം ചെയ്‌തു. ഇനിമുതൽ നഗരത്തിൽ പോലീസ് സൈക്കിളിൽ പട്രോളിംഗ് നടത്തും. പദ്ധതിയുടെ ഉൽഘാടനം കെവി സുമേഷ് എംഎൽഎ നിർവഹിച്ചു.
ജില്ലയിൽ പട്രോളിംഗ് വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്‌ഥലങ്ങളിൽ എത്തിപ്പെടാൻ കഴിയുമെന്നതിനാലും കൂടുതൽ ആളുകളുമായി ബന്ധപ്പെടാൻ സാധിക്കും എന്നതുകൊണ്ടുമാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്‌തത്. കൂടാതെ പരിസ്‌ഥിതി സൗഹൃദമായ പട്രോളിംഗ് രീതി പരീക്ഷിക്കുക എന്നതിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. കണ്ണൂർ ബൈസിക്കിൾ മേയർ ഷാഹിൻ പള്ളിക്കണ്ടിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
റിഫ്‌ളക്റ്റീവ് ജാക്കറ്റ്, സൈറൺ, അൾട്രാ ബ്രൈറ്റ് ലൈറ്റ്, കാരിയർ, വാട്ടർ ബോട്ടിൽ ഹോർഡർ, മൊബൈൽ ഫോൺ ഹോർഡർ തുടങ്ങിയവ സൈക്കിളിൽ ഉണ്ട്. ബീച്ചുകളിലും മാർക്കറ്റുകളിലുമാണ് ആദ്യഘട്ടത്തിൽ ബൈസിക്കിൾ പട്രോളിംഗ് നടത്തുകയെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പട്രോളിംഗിനായി ഷാഹിൻ പള്ളിക്കണ്ടി നൽകിയ സൈക്കിളുകൾ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഏറ്റുവാങ്ങി. പോലീസ് വകുപ്പിലെ മറ്റ് ഉദ്യോഗസ്‌ഥർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: ഓക്‌സിജന്‍ ക്ഷാമത്തിൽ കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; നേരിടാനൊരുങ്ങി പ്രതിപക്ഷം