കണ്ണൂര്‍: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളിയത്. തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.
ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് കൂടിയാണ് എൻ ഹരിദാസ്. കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്‌ഥാനാർഥിയുടെ പത്രികയും ഇന്നലെ തന്നെ തള്ളിയിരുന്നു. ഇതോടെ തലശ്ശേരിയിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാതായി. 2016ൽ 22,125 വോട്ടാണ് ബിജെപിക്കായി മൽസരിച്ച വികെ സജീവൻ നേടിയത്.
തലശ്ശേരിയില്‍ എഎന്‍ ഷംസീറാണ് എല്‍ഡിഎഫ് സ്‌ഥാനാർഥി. എംപി അരവിന്ദാക്ഷനാണ് യുഡിഎഫിന് വേണ്ടി മൽസരിക്കുന്നത്.
അതേസമയം, ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മൽസരിക്കാനിരുന്ന എഐഎഡിഎംകെ സ്‌ഥാനാർഥി ആര്‍ ധനലക്ഷ്‌മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ് കളക്‌ടർ പത്രിക തള്ളിയത്.
യുഡിഎഫ് സ്‌ഥാനാർഥിയായി ഡി കുമാറും എല്‍ഡിഎഫ് സ്‌ഥാനാർഥിയായി എ രാജയുമാണ് ഇവിടെ നിയമസഭയിലേക്കു കന്നി അങ്കത്തിനിറങ്ങുന്നത്.
Also Read: പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം