മലപ്പുറം: പാലക്കാട്ടെ കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്‌തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്‌ഥാനാർഥിയുടെ കാല് കഴുകിയ സംഭവം രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യത്തിനും എതിരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിന് നേതൃത്വം നൽകിയ പാർട്ടി രാജ്യത്തിന് അപമാനമാണ്. നടുക്കത്തോടെ മാത്രമേ അതിനെ കാണാനാവൂ.
ഭാരതത്തിന്റെ സംസ്‌കാരമെന്ന് പറഞ്ഞു ന്യായീകരിക്കുന്നവർ വോട്ടർമാരെക്കൊണ്ട് നാളെ കാലുകഴുകിക്കില്ലേ? ആ വെള്ളം കുടിപ്പിക്കില്ലേ? നികൃഷ്‌ടമായ ഈ രീതി പൊറുപ്പിച്ചു കൂടാ. ഇരുട്ടിന്റെ വക്കീലാവാനാണ് ഇ ശ്രീധരൻ ശ്രമിക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട്ടെ ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും വലിയ ചര്‍ച്ചക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു.
അതേസമയം, കാല് കഴുകലും ആദരിക്കലും എല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവർ സംസ്‌കാരം ഇല്ലാത്തവർ എന്ന് കരുതേണ്ടി വരുമെന്നും ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു.
Read Also: വിദേശത്തു നിന്ന് വാക്‌സിൻ എടുത്താലും ക്വാറന്റെയ്ൻ നിർബന്ധം; ഖത്തർ