കൊച്ചി: തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകൾ കണ്ടു ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
799 പേരാണ് ഇതുവരെ ചികിൽസ തേടിയതെന്നും 17 പേരെ കിടത്തി ചികിൽസിച്ചുവെന്നും മന്ത്രി വ്യക്‌തമാക്കി. സർക്കാർ മുൻകൈ എടുത്ത് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രൈവറ്റ് ആശുപത്രിയുടെ സഹകരണം ഉറപ്പാക്കും. അർബൻ ബാങ്ക് ക്ളിനിക്ക് ആരംഭിക്കും. ആരോഗ്യ സർവേ ചൊവ്വാഴ്‌ച മുതൽ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ബ്രഹ്‌മപുരം മാല്യന്യ പ്ളാന്റിലെ പുക അണയ്‌ക്കൽ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്‌ടർ എൻഎസ്‌കെ അറിയിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് കളക്‌ടർ ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്‌ക്കാനുള്ള തീവ്ര ദൗത്യം ത്വരിത ഗതിയിൽ പുരോഗമിക്കുകയാണെന്നും കളക്‌ടർ അറിയിച്ചു.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളികൾ ഉണ്ടാക്കിയത്. ഇതിന് പരിഹാരമായി എസ്‌കവേറ്റർ/മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം നീക്കം കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പ് ചെയ്‌താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണെന്ന് കളക്‌ടർ വ്യക്‌തമാക്കി.
Most Read: ആശുപത്രി ആക്രമണങ്ങൾ; 17ന് സംസ്‌ഥാനത്ത് മെഡിക്കൽ സമരം