അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര

By News Desk, Malabar News
Lakhimpur Kheri_Clash-internet-connection
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര, മകൻ ആശിഷ് മിശ്ര എന്നിവരടക്കം 14 പേർക്കെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. എങ്കിലും, മന്ത്രിപുത്രന്റെ അറസ്‌റ്റ്‌ വൈകുന്നതിൽ പ്രതിഷേധം കനക്കുകയാണ്.

ഇതിനിടെ സമരഭൂമിയിൽ കർഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അജയ് മിശ്ര. അപകടം ഉണ്ടാക്കിയ കാറിൽ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം. പുറത്തുവന്ന ദൃശ്യങ്ങൾ കർഷകർ കൊല്ലപ്പെടാനിടയായ സംഭവത്തിന്റേത് തന്നെയെന്ന് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്‌തമാണ്.

‘വീഡിയോയിൽ കാർ കർഷകർക്ക് നേരെ ഇടിച്ചുകയറുന്നതായി കാണാം. തുടർന്നുണ്ടായ സംഘർഷങ്ങളിൽ മകന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എങ്കിലും അപകടം നടക്കുന്ന സമയം താനോ മകനോ സംഭവ സ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ല’; മിശ്ര പറയുന്നു.

കർഷകർക്ക് നേരെ ഇടിച്ചുകയറിയ മഹീന്ദ്ര താർ ഞങ്ങളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത വാഹനമെന്ന് ആദ്യ ദിവസം മുതൽ തന്നെ വ്യക്‌തമാക്കിയിരുന്നതാണ്. എന്നാൽ, മകൻ അതിൽ ഉണ്ടായിരുന്നില്ല. മറ്റൊരു വേദിയിലായിരുന്നു. തൊഴിലാളികളെ കയറ്റിയ ശേഷം മറ്റൊരാളെ വിളിക്കാനായി പോവുകയായിരുന്നു കാർ. രാവിലെ 11 മണി മുതൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയായിരുന്നു അജയ്. മകൻ അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവായി ഫോട്ടോയും വീഡിയോയുമുണ്ട്. കൂടാതെ, അവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾ ഇക്കാര്യം സ്‌ഥിരീകരിച്ച് സത്യവാങ് മൂലം നൽകുമെന്നും അജയ് മിശ്ര പറഞ്ഞു. ആശിഷിന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ അപകട സമയത്തെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞതായി എൻഡിടിവി റിപ്പോർട് ചെയ്‌തു.

ഖേരിയിലെ ടിക്കോണിയ പ്രദേശത്ത് അജയ് മിശ്രയുടെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും സന്ദർശനത്തിനെതിരെ കർഷകർ പ്രതിഷേധിക്കുമ്പോഴാണ് ദാരുണസംഭവമുണ്ടായത്. അജയ് മിശ്രയുടെ സമീപകാല പ്രസ്‌താവനകളിൽ കർഷകർ അസ്വസ്‌ഥരായിരുന്നു. അജയ് മിശ്രയുടെ വാഹന വ്യൂഹമാണ് കർഷകർക്ക് നേരെ ഇടിച്ചുകയറിയത്. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന വീഡിയോയിൽ വ്യക്‌തമാണ്. എട്ട് കർഷകരും ഒരു പ്രാദേശിക മാദ്ധ്യമ പ്രവർത്തകനുമടക്കം ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ലഖിംപൂർ സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ യുപി പോലീസ് അറസ്‌റ്റ്‌ ചെയ്‌തതിനെതിരെയും പ്രതിഷേധം ശക്‌തമാവുകയാണ്.

അതേസമയം, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയ്‌ക്ക് ലഖിംപൂരിലേക്കുള്ള സന്ദർശനാനുമതി യുപി സർക്കാർ നിഷേധിച്ചു. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാൻ സാധിക്കില്ലെന്നാണ് സർക്കാർ അറിയിച്ചത്. ലഖ്‌നൗവിൽ നിരോധനാജ്‌ഞ വെള്ളിയാഴ്‌ച വരെ നീട്ടിയിരിക്കുകയാണ്.

Also Read: പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ ഫീസിൽ എട്ടിരട്ടി വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE