ബിഗ് സ്‌ക്രീനിൽ ‘വിരുന്ന്’ ഒരുക്കാൻ ചെങ്കൽചൂളയിലെ ഹിറ്റ് പിള്ളേർ; മലയാള സിനിമയിലൂടെ അരങ്ങേറ്റം

By News Desk, Malabar News
chengalchoola boys_virunn movie
Ajwa Travels

പീരുമേട്: തമിഴ്‌ സൂപ്പർ താരം സൂര്യയുടെ പിറന്നാളിന് ഒരുക്കിയ വ്യത്യസ്‌തമായ വീഡിയോയിലൂടെ വൈറലായ ചെങ്കൽചൂളയിലെ മിടുക്കൻമാരെ ഇനി ‘ബിഗ് സ്‌ക്രീനിൽ’ കാണാം. സൂര്യയുടെ അയൻ എന്ന സിനിമയിലെ ഗാനവും ഫൈറ്റ് സീനുകളും അതേപടി ആവിഷ്‌കരിച്ച് ജനമനസുകളിലേക്ക് ഇടിച്ചുകയറിയ ചെങ്കൽചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ചെറുപ്പക്കാർ ‘വിരുന്ന്’ എന്ന ബഹുഭാഷാ ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. ആക്ഷൻ കിങ് അർജുൻ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിക്കി ഗൽറാണിയാണ് നായിക. ചിത്രത്തിൽ നായികയെ കടത്തിക്കൊണ്ട് പോകുന്ന വില്ലൻമാരുടെ വേഷമാണ് ചെങ്കൽചൂളയിലെ ‘ഹീറോകൾക്ക്’ ലഭിച്ചിരിക്കുന്നത്. നായകനോടൊപ്പമുള്ള ആക്ഷൻ രംഗങ്ങൾ അടക്കം ക്‌ളൈമാക്‌സ്‌ സീനിലും ഇവരുണ്ടാകും.

chenkalchoola boys_virunn movie
വിരുന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ നടി നിക്കി ഗൽറാണിക്കൊപ്പം വൈറൽ ഡാൻസർമാർ

ആദ്യദിനം ക്യാമറക്ക് മുന്നിൽ തകർപ്പൻ പ്രകടനമാണ് ഇവർ കാഴ്‌ച വെച്ചതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പതിനാറ് ദിവസങ്ങൾ നീണ്ട ഷെഡ്യൂളാണ് ഇവർക്കുള്ളത്. മുൻനിര താരങ്ങളായ മുകേഷ്, ആശാ ശരത്ത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

സൂര്യയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ വിജയചിത്രമായ അയനിലെ ‘പള പളക്കിറ പകലാ നീ’ എന്ന ഗാനമാണ് പന്ത്രണ്ടംഗ സംഘം അതേരീതിയിൽ പുനഃരാവിഷ്‌കരിച്ചത്. കേവലമൊരു മൊബൈൽ ഫോണിന്റെ സഹായത്തോടെ ചിത്രീകരിച്ച വീഡിയോയിലെ ഷോട്ടുകളും ഫ്രയിമുകളും കണ്ട് ആളുകളുടെ കണ്ണ് തള്ളി. പ്രിയതാരത്തിനുള്ള ജൻമദിന സമ്മാനമായി അവരിത് സമർപ്പിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ വീഡിയോ തേടി സൂര്യയുടെ പ്രശംസയും എത്തിയതോടെ മലയാളികളുടെ കണ്ണുകൾ ചെങ്കൽചൂളയിലേക്ക് പാഞ്ഞു. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ട് ‘ഒരുപാട് ഇഷ്‌ടമായി, ഗംഭീരം’ എന്ന് സൂര്യ കുറിച്ചു. ഈ കലാകാരൻമാരെ തേടി പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു. സിനിമാ താരങ്ങളും ശശി തരൂർ എംപി ഉൾപ്പടെയുള്ള പ്രമുഖരും വീഡിയോ പങ്കുവെച്ച് കൊണ്ട് യുവാക്കളെ അഭിനന്ദിച്ചിരുന്നു.

അഭി എന്ന പ്ളസ്‌ ടു വിദ്യാർഥിയുടെ തലയിൽ പൊട്ടി മുളച്ച ആശയത്തിന് കൂട്ടുകാർ കൂടെ നിന്നപ്പോൾ ലഭിച്ചത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ദൃശ്യവിരുന്ന് തന്നെയാണ്. ഇനിയും ഒരുപാട് അവസരങ്ങൾ ഈ മിടുക്കൻമാരെ തേടിയെത്തട്ടെ എന്നാണ് ആളുകളുടെ പ്രതികരണം.

Also Read: ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE