തിരുവനന്തപുരം: മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. പ്രദീപിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
‘സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു’, മുഖ്യമന്ത്രി കുറിച്ചു.
ഇന്ന് പുലർച്ചയോടെ ആയിരുന്നു പ്രദീപിന്റെ അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം.
Most Read: സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച കളക്‌ടർമാരുടെ യോഗം ഇന്ന്