കോട്ടയം: മലയാളം, തമിഴ് നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം.
നാടകങ്ങളിൽ ആരംഭിച്ച് സിനിമ–സീരിയൽ രംഗത്ത് എത്തിയ കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് തന്റെ നടനജീവിതം തമിഴ്-മലയാളം സിനിമകളിൽ അടയാളപ്പെടുത്തിയാണ് വിടപറയുന്നത്. നിരവധി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999 മുതൽ 23 കൊല്ലമാണ് ചലച്ചിത്ര രംഗത്ത് ഉണ്ടായത്. മലയാളത്തിലും തമിഴിലുമായി 80ഓളം സിനിമകളാണ് ഇദ്ദേഹം ചെയ്‌തത്.
എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും വേഷം ചെയ്‌തിരുന്നു. പത്താം വയസിൽ എൻഎൻ പിള്ളയുടെ ‘ഈശ്വരൻ അറസ്‌റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാൽപത് വർഷമായി നാടകരംഗത്തും സജീവമായിരുന്നു.
ജൂനിയർ ആർട്ടിസ്‌റ്റായാണ് പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. ഐവി ശശി സംവിധാനം ചെയ്‌ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തട്ടത്തിൻ മറയത്തിലെ പോലീസുകാരന്റെ വേഷം ഏറെ കൈയ്യടി നേടിയിരുന്നു.
വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ആസിഫ് അലി നായകനായി എത്തിയ ‘കുഞ്ഞെല്‍ദോ’യാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘തെരി’യിലും പ്രദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Most Read: കെഎസ്ഇബിയിൽ ഗുരുതര ക്രമക്കേടുകൾ; അന്വേഷണം വേണമെന്ന് കെ സുധാകരൻ