കാസർഗോഡ്: വേനൽ കടുക്കും മുൻപ് തന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി നീലേശ്വരത്തെ തീരദേശ നിവാസികൾ. തീരദേശ വാർഡുകളായ പുറത്തേക്കൈ, കടിഞ്ഞിമൂല, തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സീറോഡ് എന്നിവിടങ്ങളിലെ 400ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്.
1956ൽ മദ്രാസ് സർക്കാരിന്റെ കാലത്ത് 56 കുടുംബങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ കുടിവെള്ള പദ്ധതിയാണ് ഇപ്പോഴും 400 കുടുംബങ്ങളുടെ ഏക ആശ്രയം. ജല അതോറിറ്റിയുടെ കീഴിലുള്ളതാണ് ഈ പദ്ധതി. കാലപ്പഴക്കം വന്നതിനാൽ ടാങ്കിന്റെ ഭാഗങ്ങൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. കിണറിൽ വെള്ളവും തീരെ കുറഞ്ഞ സ്‌ഥിതിയാണ്.
കൂടുതൽ പേർ ഈ പദ്ധതിയിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിനാൽ വെള്ളം തികയാത്ത പ്രശ്‌നമുണ്ട്. രണ്ടുദിവസത്തിൽ ഒരിക്കലാണ് ടാങ്കിൽ വെള്ളം നിറക്കുന്നത്. അതുകൊണ്ട് തന്നെ ഇത് മണിക്കൂറുകൾക്കുള്ളിൽ തീരും. നിലവിൽ എട്ടു മണിക്കൂറാണ് പമ്പിങ് നടത്തുന്നത്. ഇത് 11 മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ എം ഭരതൻ ചെറുവത്തൂർ ജല അതോറിറ്റി അസി. എൻജിനീയർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിലും നടപടിയുണ്ടായില്ല.
ഉപ്പുവെള്ള ഭീക്ഷണി നേരിടുന്നതിനാൽ ഈ പ്രദേശങ്ങളിലെ വീടുകളിൽ കിണർ കുഴിക്കാൻ പോലും പറ്റാത്ത അവസ്‌ഥയാണ്. പൈപ്പ് വെള്ളം മാത്രമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം. വേനൽ കടുത്താൽ വാഹനത്തിൽ വെള്ളം എത്തിക്കേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. കടിഞ്ഞിമൂല ഭാഗത്ത് വെള്ളമുള്ള പൊതുകിണർ നിലവിലുണ്ട്. ഇത് ഉപയോഗിച്ച് പുതിയ കുടിവെള്ള പദ്ധതി കൊണ്ടുവരണമെന്ന ആവശ്യവും ഇതിനോടകം ശക്‌തമായിട്ടുണ്ട്.
Malabar News: പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനത്തിന് എതിരെ വയനാട്ടിലെ ഇടത്, വലത് മുന്നണികൾ