മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ ടിഎ റസ്‌റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. പ്രതിയായ സുബൈറിനെ താനൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ചായ കുടിക്കാൻ ഹോട്ടലിൽ എത്തിയ സുബൈർ ചായയിൽ മധുരം കുറവാണെന്ന് പറഞ്ഞ് മനാഫുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് തിരികെ പോയ സുബൈർ കുറച്ചു നേരത്തിന് ശേഷം കത്തിയുമായി തിരിച്ചെത്തി. വീണ്ടും മനാഫിനോട് കയർത്ത പ്രതി കത്തികൊണ്ട് പലതവണ മനാഫിനെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചങ്കിലും വിദഗ്‌ധ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിൽ ഇന്ന് ഉച്ചവരെ വ്യാപാര സംഘടനകൾ ഹർത്താൽ ആചരിക്കുകയാണ്.
Most Read: മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട; സുപ്രീം കോടതി