എറണാകുളം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാരമ്യത്തിലേക്ക് അടുക്കുമ്പോൾ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്‌തമാകുന്നു. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ മാത്രം ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചത് 24,013 പേർക്കാണ്. നിലവിൽ 58,378 പേരാണ് ജില്ലയിൽ ചികിൽസയിൽ കഴിയുന്നത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 26.54 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 27 പേർക്ക് രോഗം കണ്ടെത്തുന്നു.
തുടർന്ന്, ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ നടപ്പാക്കുക. ടിപിആർ 25ന് മുകളിലായ പഞ്ചായത്തുകൾ പൂർണമായും അടക്കും. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയൽ, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം എന്നിവിടങ്ങൾ ഒഴികെയുള്ള പഞ്ചായത്തുകളിൽ ടിപിആർ 25ന് മുകളിലാണ്. ജില്ലയിൽ ആകെയുള്ള 82 പഞ്ചായത്തുകളിൽ 74ലും അതിതീവ്ര രോഗവ്യാപനമാണ്.
കണ്ടെയ്‌ൻമെൻറ് സോണിലുള്ള ആളുകൾ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും. നിർമാണ മേഖല അടക്കമുള്ള മേഖലകളിലെ തൊഴിലാളികൾക്ക് അതാത് സ്‌ഥലങ്ങളിൽ തന്നെ താമസ സൗകര്യം ഒരുക്കും. കോവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തുകളിലും നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
Also Read: 500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി