കോഴിക്കോട്: കോവിഡ് രോഗികളുടെ ഓക്‌സിജൻ അളവ് എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് കോഴിക്കോട് ഈടാക്കുന്നത് കൊള്ളവില. കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അമിത വിലയും കൂടിയായതോടെ രോഗികളുടെ വീടുകളിൽ ഓക്‌സി മീറ്റർ കൃത്യമായി എത്തിച്ചിരുന്ന തദ്ദേശ സ്‌ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഉപകരണത്തിന്റെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടില്ലെങ്കിൽ ഗുരുതര സ്‌ഥിതിയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ആഴ്‌ച വരെ 500 രൂപക്ക് വിപണിയിൽ ലഭ്യമായിരുന്ന ഓക്‌സി മീറ്റർ ഇപ്പോൾ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും വാങ്ങുമ്പോൾ രണ്ടായിരത്തോളം രൂപയാണ് നൽകേണ്ടത്. പലയിടത്തും ഉപകരണം കിട്ടാനില്ല. ക്ഷാമവും വിലക്കയറ്റവും കാരണം ആർആർടികൾ വലയുകയാണ്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം തേടുകയാണ് പലരും. ഹോം ഐസൊലേഷൻ തകിടം മറിയുമോ എന്നതാണ് പ്രധാന ആശങ്ക.
ഉൽപാദന കമ്പനികൾ ഇപ്പോൾ 1300ഓളം രൂപക്കാണ് പൾസ് ഓക്‌സി മീറ്റർ നൽകുന്നതെന്നാണ് ഹോൾസെയിൽ ഡീലർമാർ പറയുന്നത്. മറ്റ് സംസ്‌ഥാനങ്ങളിൽ ലഭ്യതക്കാർ ഏറിയതാണ് ക്ഷാമത്തിന് കാരണമെന്നും ഡീലർമാർ വാദിക്കുന്നു.
Also Read: രോഗബാധിതർ വർധിക്കുന്നു; ഓക്‌സിജൻ കിടക്കകൾ നിറഞ്ഞ് സംസ്‌ഥാനം