തിരുവനന്തപുരം : സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ സജീവമായതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ജുഡീഷ്യൽ വകുപ്പ് അംഗം കെ ബൈജു നാഥാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ വ്യാപകമായ സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
സംഭവത്തിൽ നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇത്തരം മനുഷ്യരഹിതമായ പ്രവർത്തനങ്ങൾ ഉടൻ തടയണമെന്നും കമ്മീഷൻ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പൾസ് ഓക്‌സീമീറ്ററുകൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയത്. ഇതിന് പിന്നാലെ ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ വിപണികളിൽ സജീവമായത്.
ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് പൾസ് ഓക്‌സീമീറ്റർ. ഇത് ഓണാക്കിയതിന് ശേഷം വിരൽ ഈ ഉപകരണത്തിനുള്ളിൽ വച്ചാൽ ശരീരത്തിലെ ഓക്‌സിജന്റെ അളവും, ഹൃദയമിടിപ്പും സ്‌ക്രീനിൽ തെളിയും. നിലവിൽ കോവിഡ് ബാധിതരായ നിരവധി ആളുകൾ വീടുകളിൽ ചികിൽസയിൽ കഴിയുന്നതിനാൽ, അത്തരക്കാർ ഇടയ്‌ക്കിടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
Read also : ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം