തിരുവനന്തപുരം : പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനം ഓക്‌സിജൻ കിടക്കകളുടെ ദൗർലഭ്യത്തിലേക്ക്. സംസ്‌ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും നിലവിൽ ഓക്‌സിജൻ കിടക്കകൾ നിറയുകയാണ്. എന്നാൽ നിലവിലത്തെ സ്‌ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയത്. കൂടാതെ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്‌സിജനിൽ ആയിരം ടൺ അടിയന്തരമായി കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുകയും ചെയ്‌തു.
സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ–സ്വകാര്യ മേഖലകളിൽ കോവിഡ് ചികിൽസക്കായി മാറ്റിയ ഐസിയു–ഓക്‌സിജൻ കിടക്കകളും വെന്റിലേറ്ററുകളും നിറയുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 167 ഐസിയു കിടക്കകളുള്ളതിൽ 163 ലും രോഗികളുണ്ട്. കൂടാതെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ബാക്കിയുളളത് 6 ഐസിയു ബെഡുകൾ മാത്രമാണ്. സമാന സ്‌ഥിതി തന്നെയാണ് കൊല്ലം, എറണാകുളം തുടങ്ങിയ മറ്റ് ജില്ലകളിലും.
നിലവിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചികിൽസാ സംവിധാനം വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. എന്നാൽ ഇപ്പോഴത്തെ സാഹചര്യം നേരിടാൻ സംസ്‌ഥാനം പര്യാപ്‌തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്