കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് പ്രതിരോധ വാക്സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജണൽ വാക്സിൻ സ്റ്റോറിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാക്സിൻ എത്തിച്ചത്. 9,590 ഡോസ് കോവിഷീൽഡ് വാക്സിൻ കൽപറ്റ പോലീസ് സ്റ്റേഷന് സമീപത്തെ ജില്ലാ വാക്സിൻ സ്റ്റോറിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വാക്സിനേഷനായി 12,010 പേരാണ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുക. രണ്ടാംഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്കും വാക്സിൻ നൽകും.
നാളെ മുതൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടത്തും. സർക്കാർ കേന്ദ്രങ്ങൾക്ക് പുറമെ മേപ്പാടി വിംസ് മെഡിക്കൽ കോളേജും വാക്സിൻ വിതരണ കേന്ദ്രമാണ്.
Also Read: ഗോസംരക്ഷകരുടെ നിയമ പരിരക്ഷ കര്‍ണാടക പിന്‍വലിച്ചേക്കും