മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച അനിൽകുമാർ മാപ്പുപറയണം; കേരള മുസ്‌ലിം ജമാഅത്ത്

'തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്‌റ്റ് പാർട്ടി വന്നതുകൊണ്ടാണ്' എന്ന വിവാദപ്രസ്‌താവന നടത്തിയ സിപിഎം നേതാവ് അഡ്വ. കെ. അനിൽകുമാർ‌ പരാമർശം പിൻവലിച്ചു മാപ്പുപറയണമന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
Kerala Muslim Jamaath on Insulting Muslim Girls
Rep. image
Ajwa Travels

മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. (CPM Controversy on Muslim girls) മുസ്‌ലിം സ്‌ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്‌സിസ്‌റ്റ് പാർട്ടിയോടാണെന്നത് ഉൾപ്പടെയുള്ള പ്രസ്‌താവനകളാണ് അനിൽകുമാർ നിരീശ്വരവാദ സമ്മേളനത്തിൽ നടത്തിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറൽ ഫാസിസ്‌റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്‌ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. -കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയ്യാറാകണമെന്നും മനുഷ്യത്വവിരുദ്ധ നവ ലിബറൽ ഫാസിസ്‌റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലുൾപ്പെടെ മുസ്‌ലിം സമുദായം വിദ്യാഭ്യാസരംഗത്തും മറ്റും നേടിയെടുത്ത വസ്‌തുത ബോധ്യപ്പെടുന്ന ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും കമ്മിറ്റി പറഞ്ഞു.

സ്വതന്ത്രചിന്ത വന്നതിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പങ്ക് ചെറുതല്ലെന്നും ഇതിനൊക്കെ നന്ദിപറയേണ്ടത് എസൻസിനോടല്ല, മാർക്‌സിസ്‌റ്റ് പാർട്ടിയോടാണെന്നും കെ. അനിൽകുമാർ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്‌ട്രീയമെന്നും സിപിഎം നേതാവ് പറഞ്ഞു. ഏകീകൃത സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ. അനിൽകുമാറിന്റെ വിവാദ പരാമർശങ്ങൾ.

അഡ്വ. കെ അനിൽകുമാറിന്റെ പ്രസം​ഗത്തിൽ നിന്ന്;

CPM Controversy on Muslim girls
അഡ്വ. കെ. അനിൽകുമാർ‌

മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്‌ഥാനത്തിന്റെ പങ്ക് ചെറുതല്ല.

പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കിൽ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല. മുസ്‌ലിം സ്‌ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസൻസിനോടല്ല, മാർക്‌സിസ്‌റ്റ് പാർട്ടിയോടാണ്. ഒരു യുക്‌തിവാദ പ്രസ്‌ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്നത് വർഗസമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്, കൃഷിക്കാരന്റെ പണിയാണ്. ആ കൃഷിക്കാരൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാവും. മതത്തിൽ വിശ്വസിക്കുന്നുണ്ടാവും. അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് ഞങ്ങളുടെ രാഷ്‌ട്രീയം.

Kerala Muslim Jamaath on Insulting Muslim Girls
Rep. Image

വിവാദ പരാമർശങ്ങൾക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത്, മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ളവർ ശക്‌തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിലടക്കം രംഗത്തെത്തി. സിപിഎമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്‌തമാക്കുന്ന സംഭവമാണ് നാസ്‌തിക സമ്മേളനത്തിലെ അനിൽ കുമാറിന്റെ പ്രസംഗമെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ് വിമർശിച്ചു.

സംഘ്പരിവാർ സ്‌പോൺസേഡ് നാസ്‌തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സിപിഎമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോരാ. സ്വതന്ത്രചിന്ത എന്നാൽ തട്ടം ഉപേക്ഷിക്കലാണെന്ന കണ്ടുപിടുത്തവും അനിൽകുമാർ നടത്തുന്നുണ്ടെന്നും മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞ അതേ സിപിഎമ്മാണ് ഇപ്പോൾ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് -കെപിഎ മജീദ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകരും സംഘടനക്ക് കീഴിലുള്ള എസ്‌വൈഎസ്‌ ഉൾപ്പടെയുള്ള സംഘടനകളും സാമൂഹിക മാദ്ധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണ് നടത്തുന്നത്. മതപരമായ വേഷവിധാനത്തെ പരിഹസിച്ചും മുസ്‌ലിം പെൺകുട്ടികളെ അടച്ചാക്ഷേപിച്ചും നടത്തിയ പരാമർശം പൂർണമായും പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിലെയും പൊതുവികാരം.

MOST READ | രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE