സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എല്‍ഡിഎഫ് ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ ബ്ളോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്നു.
മരിക്കുന്ന അന്നു രാത്രി എട്ടുവരെ സത്യപ്രതിജ്‌ഞ ചടങ്ങിനും ആഹ്‌ളാദ പ്രകടനത്തിനുമുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു ഇദ്ദേഹം. എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികളായി മല്‍സരിച്ചവരെയും വാര്‍ഡുതല നേതാക്കളെയും ഇന്നലെ രാത്രി ഫോണില്‍ വിളിച്ചു പ്രവര്‍ത്തകരുമായി എത്തണമെന്ന് പറഞ്ഞിരുന്നു. നൂല്‍പുഴ പഞ്ചായത്തിലേക്ക് മല്‍സരിച്ച പിതാവ് എകെ കുമാരന്റെ തോല്‍വി ജിതൂഷിനെ ഏറെ വേദനിപ്പിച്ചിരുന്നു.
നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ബത്തേരി ബ്ളോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എകെ കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണ സംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്‌ണ, എട്ടുമാസം പ്രായമുള്ള മകള്‍.