തീരദേശ പൊലീസ് പരിശോധന; മൽസ്യബന്ധന സംഘം പൊലീസ് ഓഫിസര്‍മാരെ തട്ടികൊണ്ടുപോയി

By News Desk, Malabar News
MalabarNews_coastal area
Ajwa Travels

മഞ്ചേശ്വരം: കുമ്പള ഷിറിയയില്‍ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ 2 തീരദേശ പൊലീസ് ഉദ്യോഗസ്‌ഥരെ കര്‍ണാടകയില്‍ നിന്നുള്ള മൽസ്യബന്ധന സംഘം തട്ടികൊണ്ടുപോയി. ഉന്നതതല ഇടപെടല്‍ ഉണ്ടായതോടെ ഇരുവരെയും മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു.

ഇന്നലെ ഉച്ചയോടെ ഷിറിയ ‘തീരദേശ എസ്‌ഐ’ കെവി രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബോട്ടുകളുടെ രേഖകള്‍ പരിശോധിക്കാനിറങ്ങിയ സമയത്തായിരുന്നു സംഭവം. തട്ടികൊണ്ടുപോയ സംഘം ഇറക്കിവിട്ട ഉദ്യോഗസ്‌ഥരെ തീരദേശ പൊലീസ് സംഘം മംഗളൂരുവിൽ നിന്ന് തിരിച്ചെത്തിച്ചു.

എസ്ഐ സംഘത്തിന്റെ പരിശോധനക്കിടെ രേഖകളില്‍ ചില സംശയം തോന്നിയതിനാല്‍ ഒരു ബോട്ട്, പൊലീസ് കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ ബോട്ടിൽ 19 പേരാണ് ഉണ്ടായിരുന്നത്. കസ്‌റ്റഡിയില്‍ എടുത്ത ബോട്ടില്‍ ഷിറിയ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘു, സുധീഷ് എന്നിവരെ കയറ്റി ബോട്ട് മഞ്ചേശ്വരം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ എസ്‌ഐ നിര്‍ദേശം നൽകി.

എസ്ഐയും സംഘവും മറ്റു ബോട്ടുകളുടെയും കൂടി പരിശോധന പൂർത്തീകരിച്ചു സ്‌റ്റേഷനിലേക്ക് മടങ്ങി. എന്നാൽ കസ്‌റ്റഡിയിലെടുത്ത് മഞ്ചേശ്വരം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ പറഞ്ഞ ബോട്ട്, എത്തേണ്ട സമയമായിട്ടും എത്തിയിരുന്നില്ല. തുടര്‍ന്ന് എസ്ഐ പൊലീസുകാരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബോട്ട് അമിത വേഗതയിൽ മറ്റൊരു ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി ഇവർ അറിയിച്ചു.

എസ്‌ഐക്ക് പോലീസുകാർ നൽകിയ ഈ മറുപടിയിൽ നിന്നാണ് ‘ബോട്ടിൽ കയറ്റിയ പോലീസ് ഉദ്യോഗസ്‌ഥരുമായി ബോട്ട് കടന്നു കളഞ്ഞു’ എന്നത് എസ്‌ഐ മനസിലാക്കുന്നത്. തുടർന്ന് എസ്‌ഐ ഉന്നതോദ്യോഗസ്‌ഥരെ വിവരമറിയിച്ചു.

ഉന്നത പൊലീസ് സംഘം മംഗളൂരുവിൽ ഉൾപ്പടെ പരിസരത്തുള്ള എല്ലാ ഹാർബറുകളിലേക്കും അടിയന്തിര സന്ദേശമയച്ചു. ഈ സമയത്ത് പ്രസ്‌തുത ബോട്ട് ഒരു ഹാർബറിലും എത്തിയിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം മംഗളൂരുവിലെ ഹാര്‍ബറില്‍ ബോട്ട് എത്തിയതായി വിവരം ലഭിച്ചു. ഇവിടെയാണ് സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘുവിനേയും, സുധീഷിനെയും ഇറക്കിവിട്ടത്.

മംഗളൂരു ഹാർബർ കേന്ദ്രീകരിച്ചുള്ളതാണ് ഈ ബോട്ടും ഉടമയും. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി ബോട്ട് ഉടമക്കെതിരെ കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

Malabar News: മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE