ദോഹ: ഫിഫ ലോകകപ്പിന് പിന്നാലെ 2030 ഏഷ്യന്‍ ഗെയിംസ് കൂടി എത്തുന്നതോടെ രാജ്യത്തെ കായിക, ആതിഥേയ മേഖലകളില്‍ നിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൂടുതൽ നേട്ടത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷ.
ഫുട്ബാൾ ലോകകപ്പിന് പുറമെ ഏഷ്യയുടെ കായിക മാമാങ്കത്തിന് കൂടി രാജ്യം വേദിയൊരുക്കുമ്പോൾ പ്രവാസികളും പ്രതീക്ഷയോടെ തന്നെയാണ് തീരുമാനത്തെ നോക്കി കാണുന്നത്. ലോജിസ്‌റ്റിക് മുതല്‍ ആതിഥേയ, യാത്രാ മേഖലക്ക് വരെ ഉണര്‍വേകാന്‍ ഏഷ്യൻ ഗെയിംസിന് കഴിയും.
ഇത് രണ്ടാം തവണയാണ് ഏഷ്യയിലെ കായിക മാമാങ്കത്തിന് ഖത്തര്‍ തലസ്‌ഥാനമായ ദോഹ വേദിയാവുന്നത്. മസ്‌ക്കറ്റില്‍ നടന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ (ഒസിഎ) എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ദോഹക്ക് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നു. അതേസമയം, 2034ലെ ഏഷ്യാഡ് സൗദി തലസ്‌ഥാനമായ റിയാദില്‍ നടത്താനും തീരുമാനമായി.
തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തർ ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച കായിക കേന്ദ്രമാകാനുള്ള ഖത്തറിന്റെ കുതിപ്പിന് ശക്‌തി പകരുന്നതാണ് പുതിയ പ്രഖ്യാപനം. ഇന്ന് രാജ്യം മുഴുവൻ ദേശീയ ദിനാഘോഷത്തിൽ മുഴുകി നിൽക്കെ പുതിയ തീരുമാനം അവർക്ക് ഇരട്ടി മധുരമായി.
കായിക പരിശീലനത്തിന് ആസ്‌പയർ അക്കാദമി, താരങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ആസ്‌പെതാര്‍ സ്‌പോര്‍ട്‌സ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രി, മികച്ച പരിശീലന കേന്ദ്രങ്ങള്‍ , താമസസൗകര്യങ്ങള്‍, ഹൈടെക് സ്‌റ്റേഡിയങ്ങൾ നേരത്തെ തന്നെ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്.
ഏഷ്യാഡ് 2030 ആതിഥേയത്വം അഭിമാനകരമായ നേട്ടമാണെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്. ദോഹക്ക് ആതിഥേയത്വം ലഭിക്കാനായി പ്രവര്‍ത്തിച്ച പ്രത്യേക കമ്മിറ്റിയെ അമീര്‍ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
ഖത്തറിന്റെ കായികപ്പെരുമയും സാങ്കേതികത്തികവും സംഘാടന മികവും പ്രകടമാക്കുന്ന രീതിയിലാണ് ഏഷ്യാഡ് ഖത്തറില്‍ സംഘടിപ്പിപ്പിക്കുക. 2006ല്‍ ഏഷ്യാഡിന് ആതിഥേയത്വം വഹിച്ചതിന്റെ പരിചയം ഖത്തറിന് മുതല്‍ക്കൂട്ടാവുമെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
Read Also: യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്