ടൊറന്റോ: സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചലഞ്ച് വീഡിയോകൾ കണ്ടു പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ, വൈറലായ ഫിറ്റ്‌നെസ് ചലഞ്ച് പരീക്ഷിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള ‘മിഷേൽ ഫെയർ ബേർൺ’ എന്ന വനിതയാണ് ടിക് ടോക്കിലെ ‘75 ഹാർഡ്’ എന്ന ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്ന് ആശുപത്രിയിലായത്.
ഈ ചലഞ്ച് അനുസരിച്ചു ഒരാൾ 75 ദിവസത്തേക്ക് ദിവസം രണ്ടു നേരം കഠിനമായ വർക്ക്ഔട്ട് ചെയ്യുകയും കർശനമായ ഭക്ഷണക്രമം പാലിക്കുകയും ധാരാളം വെള്ളം കുടിക്കുകയും മദ്യം ഉപേക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിന് പുറമെ ഏതെങ്കിലും ഒരു ബുക്കിന്റെ പത്ത് പേജ് വായിക്കുകയും ഓരോ ദിവസവും ഉണ്ടായ മാറ്റങ്ങളുടെ ചിത്രങ്ങൾ എടുക്കുകയും വേണം. മിഷേൽ ഫെയർ ബേർൺ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച പ്രതികരണ വീഡിയോയിലാണ് അമിതമായ വെള്ളം കുടി കാരണം തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വിശദമാക്കുന്നത്.
ജലവിഷ ബാധ ഉണ്ടായതായാണ് യുവതി വ്യക്‌തമാക്കുന്നത്. ഓക്കാനം, ക്ഷീണം, രാത്രി മുഴുവനുള്ള വയറിളക്കം, ആഹാരം കഴിക്കാൻ പറ്റാതെ അവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും ഇവർ പറയുന്നു. ചികിൽസ തേടിയെത്തിയ യുവതിക്ക് സോഡിയത്തിന്റെ അളവിൽ കുറവ് അടക്കമുള്ള പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. ചികിൽസ ലഭ്യമാക്കിയിരുന്നില്ലെങ്കിൽ ജീവൻ നഷ്‌ടപ്പെടുമായിരുന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യസ്‌ഥിതിയെന്നും ഇവർ പറയുന്നു.
അതേസമയം, ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ചലഞ്ചുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് യുവതി വ്യക്‌തമാക്കിയതോടെ, ദിവസം അരലിറ്റർ വെള്ളം മാത്രം കുടിക്കാവൂ എന്നാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ആൻഡി ഫ്രിസെല്ലയാണ് 75 ഹാർഡ് ചലഞ്ചിന്റെ ഉപഞ്‌ജാതാവ്. ചില ഫിറ്റ്‌നെസ് വിദഗ്‌ധർ ഈ ചലഞ്ചിന്റെ തീവ്ര സ്വഭാവത്തെ വിമർശിച്ചിട്ടുണ്ട്. ഒരാളുടെ ശരീരം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും ഇത്തരം ചലഞ്ചുകൾ ഏറ്റെടുക്കുമ്പോൾ അതിന്റെ അപകട സാധ്യതകൾ പരിഗണിക്കേണ്ടതിന്റെ ആവശ്യവും വ്യക്‌തമാക്കുന്നതാണ് സംഭവം.
TECH| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ