ട്രെയിൻ തീവെയ്‌പ്: ദൃക്‌സാക്ഷിമൊഴിക്ക് വിരുദ്ധം പ്രതിയുടെ വസ്‌ത്രം; സംശയം ബലപ്പെടുന്നു

അക്രമസമയത്ത് പ്രതി ധരിച്ചിരുന്നതായി പറയുന്ന വസ്‌ത്രമല്ല ഇയാൾ കണ്ണൂർ റെയിൽ വേസ്‌റ്റേഷനിൽ എത്തുമ്പോൾ ധരിച്ചിരുന്നത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു. കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നതിനിടയിൽ ആരാണ് പ്രതിക്ക് വസ്‌ത്രം നൽകിയത്.

By Central Desk, Malabar News
Elathur train attack Malayalam News
Ajwa Travels

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫി ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്‌ത്രമല്ല കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചു.

ഇത്, ഇടയിൽ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു എന്നതിന് കൂടുതൽ ശക്‌തിപകരുന്ന തെളിവാണ്. അക്രമം കഴിഞ്ഞു ഓടുന്നതിനിടയിൽ പ്രതിയുടെ ബാഗുൾപ്പടെ എല്ലാം നഷ്‍ടപ്പെട്ടിരുന്നു. ഇവ പരിസരപ്രദേശത്ത് നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും എലത്തൂരിൽ നിന്ന് കണ്ണൂരിലെത്തുമ്പോൾ പ്രതി വസ്‌ത്രം മാറിയതെങ്ങിനെ എന്ന ചോദ്യത്തിന് പിന്നാലെയാണ് അന്വേഷണം.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ് ഫോമിലെ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നു ഷാറുഖ് സെയ്‌ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണു ധരിച്ചിട്ടുള്ളത്.

മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്‌ത്രമാണ് ധരിച്ചിരുന്നത്. എന്നാൽ ചുവന്ന ഷർട്ട് ധരിച്ചയാളാണു ട്രെയിനിൽ ആക്രമണം നടത്തിയത് എന്നാണു ദൃസാക്ഷികളുടെ മൊഴി. ഷാറുഖിനെ ഡൽഹിയിൽ നിന്നു കാണാതാകുമ്പോൾ നീല ജീൻസും ചുവപ്പു ഷർട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ഡൽഹി ഷഹീൻബാഗ് പൊലീസിൽ നൽകിയ പരാതിയിലുമുള്ളത്. ഇതോടെ, എലത്തൂരിനും കണ്ണൂരിനുമിടയിലാണു പ്രതി വസ്‌ത്രം മാറിയതെന്ന് വ്യക്‌തം.

ആക്രമണത്തിനു മുൻപും ശേഷവും പ്രതിക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിന് ഈ തെളിവുകൾ കൂടുതൽ ശക്‌തി പകരുന്നുണ്ട്. എന്നാൽ ചോദ്യം ചെയ്യൽ ഒരാഴ്‌ച പിന്നിട്ടിട്ടും പ്രതിക്കു പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. എലത്തൂരിനും കണ്ണൂരിനുമിടയിലെ യാത്രയിൽ ഷാറുഖിനു മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ എലത്തൂരിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.

സംസ്‌ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കാനുള്ള സാധ്യതയേറി. കേസിൽ തീവ്രവാദബന്ധത്തിനുള്ള സാധ്യത ഉൾപ്പെടെ ചൂണ്ടിക്കാട്ടി എൻഐഎ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിനിടയിൽ, പ്രതിക്കു കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

അതേസമയം, ഷാറുഖിന്റെ കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന 18നു ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഇയാൾക്ക്‌ സ്വന്താമായി വക്കീലിനെ വെക്കാൻ സാധ്യമല്ലാത്തതിനാൽ സർക്കാർ സംവിധാനമായ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഡിഫൻസ് ചീഫ് കൗൺസൽ അഡ്വ. പി പീതാംബരനാണു പ്രതിക്കായി ജാമ്യഹരജി സമർപ്പിച്ചിട്ടുള്ളത്.

NATIONAL: ആമസോണിൽ നിന്ന് 9,000 ജീവനക്കാർ കൂടി പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE