യുഎസ് (മെരിലാൻഡ്): ആഗോള ബാങ്കിംഗ് തകർച്ചയുടെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നും ലോകരാജ്യങ്ങൾ നേരിടുന്ന പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് വീണ്ടും ഉയർത്താനിടയുണ്ടെന്നും ജിം റോജേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
‘ലോകമെമ്പാടും ബാങ്കുകളുടെ കടത്തിൻെറ അളവ് കുതിച്ചുയരുന്നുണ്ട്. 2008ൽ ഉണ്ടായതിനേക്കാൾ വലിയ പ്രതിസന്ധിയിലേക്ക് ഇത് നയിക്കാൻ കാരണമായേക്കാം.‘ -ജിം റോജേഴ്‌സ് പറഞ്ഞു. സാധാരണയായി ഒറ്റപ്പെട്ട സംഭവങ്ങളായി തുടങ്ങുന്ന പ്രശ്‌നങ്ങളാണ് പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴി വെക്കുന്നതെന്നും മാദ്ധ്യമ അഭിമുഖത്തിൽ റോജേഴ്‌സ് ഓർമിപ്പിച്ചു.
സിലിക്കൺ വാലി ബാങ്ക്, ക്രെഡിറ്റ് സ്വീസ്, സിഗ്‌നേച്ചർ ബാങ്ക് എന്നിവയുടെ പെട്ടെന്നുള്ള തകർച്ച മൂലം ആഗോള വിപണികൾ അടുത്തിടെ കുത്തനെ ഇടിഞ്ഞിരുന്നു. നിക്ഷേപകരെ സംരക്ഷിക്കാനും ആശങ്കകൾ ഒഴിവാക്കാനും സർക്കാരുകൾ മുൻകൈയെടുത്തത് നിക്ഷേപകരുടെ ആത്‌മവിശ്വാസം ഒരു പരിധിവരെ വീണ്ടെടുക്കാൻ സഹായിച്ചിരുന്നെങ്കിലും വിപണിയിലെ ആശങ്കകൾ ഇപ്പോഴും തുടരുന്നുണ്ട്.
25 വർഷം മുമ്പ് അത്ര കടക്കെണി രൂക്ഷമല്ലാതിരുന്ന ചൈനയ്‌ക്ക് പോലും കടബാധ്യത ഏറിയതായും ഇത്തവണത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ചൈനയുടെ സാഹചര്യം മോശമാകുമെന്നും ഇനി ലോകം നേരിടേണ്ടി വരുന്നത് തരണം ചെയ്‌തതിനേക്കാൾ വലിയ പ്രതിസന്ധികളാകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, മറ്റൊരുകൂട്ടം സാമ്പത്തിക വിദഗ്‌ധർ പറയുന്നത്, നിലവിലെ പ്രതിസന്ധിയെ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്നും ചെറിയ പ്രതിസന്ധി വേഗം മറികടക്കും എന്നുമാണ്. അഭിപ്രായ ഭിന്നതകൾക്കിടയിൽ അദാനിയുടെ രണ്ട് കമ്പനികളുടെ ഓഹരി റേറ്റിങ് കുറച്ചുകൊണ്ടു അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ‘ഫിച്ച്’ ഇടപാടുകാർക്ക് അപകട സൂചന നൽകി.
Most Read: ഇന്റർനെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്‌ഥാനത്ത് ഇന്ത്യ