കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. ഇതിനായി അന്വേഷണം സംഘം ഇന്ന് പാലക്കാട് സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കും. അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
ഇന്നലെ കോളേജിലെത്തിയ പോലീസ് സംഘം വിദ്യ കോളേജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നില്ല. നേരത്തെ പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കോളേജിൽ എത്തിയപ്പോൾ സിസിടിവി ദൃശ്യങ്ങൾക്ക് അഞ്ചു ദിവസത്തെ ബാക്കപ്പ് മാത്രമേ ഉള്ളൂവെന്ന് കോളേജിലെ ചിലർ പറഞ്ഞുവെന്നാണ് ഇതിന് കാരണമായി പോലീസ് പറഞ്ഞത്. എന്നാൽ, ദൃശ്യങ്ങൾക്ക് 12 ദിവസത്തെ ബാക്കപ്പ് ഉണ്ടെന്നും, ഹാർഡ് ഡിസ്‌ക്കിൽ ദൃശ്യങ്ങൾ ഉണ്ടെന്നും പ്രിൻസിപ്പൽ വ്യക്‌തമാക്കി.
ഇതോടെയാണ് കോളേജ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും, തെറ്റായ മൊഴികൾ നൽകി വഞ്ചിച്ചുവെന്നും വ്യക്‌തമാക്കി അന്വേഷണ സംഘം രംഗത്തെത്തിയത്. ക്യാമറ ദൃശ്യങ്ങളിൽ വിദ്യക്കൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നുവെന്നത് സ്‌ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇയാൾ ആരാണ് എന്നത് ദുരൂഹമായി തുടരുകയാണ്. അതിനിടെ വിദ്യയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അട്ടപ്പാടിയിൽ വിദ്യക്കൊപ്പം എത്തിയയാൾക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യയുടെ അടുത്ത സുഹൃത്തുക്കൾ പോലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്‌തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തുപോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലേക്കെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
Most Read: മോൻസൺ മാവുങ്കൽ കേസ്; അറസ്‌റ്റിന് സാധ്യത- മുൻകൂർ ജാമ്യത്തിന് കെ സുധാകരൻ