കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്‌റ്റ് ചെയ്യാൻ നീക്കം. സുധാകരനെതിരായ വഞ്ചനാക്കേസിൽ ശക്‌തമായ തെളിവുകൾ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കുന്നത്. മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്നും പത്ത് ലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇതേ തുടർന്ന് സുധാകരനെ അറസ്‌റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് നിയമോപദേശം നേടിയേക്കും. ചോദ്യം ചെയ്യലിനായി നാളെ കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്‌റ്റിന് സാധ്യത നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളും സുധാകരൻ തുടങ്ങിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.
ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ചു തീരുമാനമെടുത്തെന്നാണ് സുധാകരൻ പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിചേർത്തത്. അതേസമയം, സുധാകരനെതിരെ കേസെടുത്തത് രാഷ്‌ട്രീയമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാദ്ധ്യമങ്ങളെ കാണും.
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയർന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിരുന്നു.
2018 നവംബർ 22ന് മോൻസന്റെ കലൂരിലുള്ള വീട്ടിൽ വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉള്ളതെങ്കിലും 2018ൽ സംഭവം നടക്കുമ്പോൾ സുധാകരൻ എംപിയായിരുന്നില്ല. കെ സുധാകരനും മോൻസൺ മാവുങ്കലുമായുള്ള ബന്ധം സൂചിപിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു.
Most Read: ബിപോർജോയ്; ആളുകളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റണം- പ്രധാനമന്ത്രി