ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം. അറബിക്കടലിന് മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് ഗുജറാത്ത്- പാകിസ്‌ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുന്ന പശ്‌ചാത്തലത്തിലാണ് ഉന്നതതലയോഗം ചേർന്നത്.
ആളുകളെ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ‘ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്‌ക്കുന്നതിനായി സാധ്യമായ നടപടികൾ സ്വീകരിക്കാം. കഴിയുന്നത്ര സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. ഏത് അടിയന്തിര സാഹചര്യവും നേരിടാനായി ഉദ്യോഗസ്‌ഥർ സജ്‌ജരായിരിക്കണം. അവശ്യ സേവനങ്ങൾക്ക് നാശനഷ്‌ടം ഉണ്ടായാൽ അവ കഴിയുന്നത്ര വേഗത്തിൽ അറ്റകുറ്റപ്പണി നടത്തി പൂർവ സ്‌ഥിതിയിലാക്കണം’- പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ജൂൺ 15ന് ഉച്ചയോടെ ചുഴലിക്കാറ്റ് സൗരാഷ്‌ട്ര, കച്ച്, മാൻഡവി (ഗുജറാത്ത്), കറാച്ചി(പാകിസ്‌ഥാൻ) എന്നിവിടങ്ങളിൽ എത്തുമെന്നാണ് അറിയിപ്പ്. ഇതേ തുടർന്ന് പലയിടങ്ങളിലും മുൻകരുതലിന്റെ ഭാഗമായി ജനങ്ങളെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് കേരളം, കർണാടക, മഹാരാഷ്‌ട്ര. ലക്ഷദ്വീപ് എന്നിവിടങ്ങളിലെ മൽസ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസ്; സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്