തിരുവനന്തപുരം: പ്രശസ്‌ത നരവംശ, സാമൂഹ്യ ശാസ്‌ത്രജ്‌ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കാരണം വ്യക്‌തമാക്കാതെ തിരിച്ചയച്ച സംഭവത്തിൽ കേന്ദ്രത്തിന് എതിരെ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേന്ദ്രത്തിന്റെ നടപടി അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചയക്കാനുള്ള കാരണം വ്യക്‌തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതർ തയ്യാറായിരുന്നില്ല. ഇത് അനീതിയും പ്രതിഷേധാർഹവുമാണ്. കേന്ദ്ര നടപടിയുടെ കാരണമെന്താണെന്ന് വ്യക്‌തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങിയപ്പോള്‍, ഫ്‌ളൈറ്റ് അസിസ്‌റ്റന്റുമാരുമായി ബന്ധപ്പെടാന്‍ നിർദ്ദേശം ലഭിച്ചതായി ഒസെല്ല പറഞ്ഞു.
“അവര്‍ എന്നെ എമിഗ്രേഷന്‍ വിഭാഗത്തിലേക്കു കൊണ്ടുപോയി. സാധാരണ നടപടിക്രമങ്ങള്‍ക്കു ശേഷം അവര്‍ എന്റെ പാസ്‌പോർട് സ്‌കാന്‍ ചെയ്യുകയും ഫോട്ടോയും വിരലടയാളവും എടുക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ എനിക്ക് അനുവാദമില്ലെന്നും ഉടന്‍ തിരിച്ചയക്കുമെന്നും പറഞ്ഞു. ഈ തീരുമാനം ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ അവര്‍ എടുത്തിരുന്നുവെന്ന് വ്യക്‌തമാണ്. ദുബായ് വിമാനത്തില്‍ എന്നെ തിരിച്ചയക്കുന്നതിന്റെ നടപടികള്‍ക്കായി ഒരു എമിറേറ്റ്സ് ജീവനക്കാരന്‍ അവിടെ ഉണ്ടായിരുന്നു”- ഒസെല്ലയെ ഉദ്ധരിച്ച് ‘ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട് ചെയ്‌തു.
റിസർച് വിസയിലാണ് ഫിലിപ്പോ കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് മൽസ്യ തൊഴിലാളികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം വന്നത്. എന്നാൽ യാതൊരു കാരണവും വിശദീകരിക്കാതെയാണ് ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരിൽ ഒരാളായ ജെ ദേവിക വ്യക്‌തമാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കാരണം വ്യക്‌തമാക്കാൻ കഴിയില്ലെന്നുമാണ് എഫ്ആർആർഒ അധികൃതർ അറിയിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനമാണെന്നും ഉദ്യോഗസ്‌ഥർ ഇദ്ദേഹത്തെ അറിയിച്ചിരുന്നു.
Most Read: എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ; പഞ്ചാബിൽ മാറ്റവുമായി എഎപി