കോഴിക്കോട്: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കംചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെൻഡർ വിളിച്ച കമ്പനി നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഉത്തരവ്. സ്‌ഥലം കണ്ടെത്തി രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജലസേചനവകുപ്പിനോട് നിർദേശിച്ചു.
വ്യവസ്‌ഥകൾ ജലസേചനവകുപ്പ് പാലിക്കുന്നില്ലെന്ന് കാണിച്ച് കരാർ ഉറപ്പിക്കാതെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുഴയിൽ നിന്ന് നീക്കംചെയ്യേണ്ട മണലും ചെളിയും നിക്ഷേപിക്കാനുള്ള ഭൂമിയെ സംബന്ധിച്ച് കരാറിൽ വ്യക്‌തതയില്ലെന്ന് കമ്പനി കോടതിയിൽ പറഞ്ഞു. ഇത് രണ്ടാംതവണയാണ് ജലസേചന വകുപ്പിനെതിരെ ടെൻഡർ വിളിച്ച കമ്പനി കോടതിയെ സമീപിക്കുന്നത്.
കോരപ്പുഴ റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കി പുഴയുടെ സ്വാഭാവികത വീണ്ടെടുക്കാനാണ് പദ്ധതി. മണലും ചെളിയും സൂക്ഷിക്കാൻ അഴിമുഖത്ത് ഒന്നര ഹെക്റ്റർ പുറമ്പോക്ക് ഭൂമി ഇതിനായി കണ്ടെത്തിയിരുന്നു. എന്നാൽ ഭൂമിയിതു പോരെന്നും കരാർ കമ്പനി പറയുന്നുണ്ട്.
Malabar News: കാപ്പാട് ബീച്ചില്‍ പ്രവേശന ഫീസ് നിരക്ക് കുറച്ചു