കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ നിലവിൽ ചികിൽസയിലാണ്. വീരമ്പ്രത്തെ ഒരു വിവാഹ വീട്ടിൽ നിന്നും പാഴ്‌സലായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലെയും ബന്ധുവീടുകളിലെയും കുട്ടികളിലാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്.
ഇന്നലെയാണ് സംഭവം. നരിക്കുനി പഞ്ചായത്തിലെ വീരമ്പ്രം സ്വദേശി അക്ബറിന്റെ വീട്ടിൽ പാഴ്‌സലായി കൊണ്ടുവന്ന ഭക്ഷണം മകനും കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചുടനെ യമിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ യമിനെ കൂടാതെ ആറ് കുട്ടികളെയും സമാന ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
സംഭവത്തിൽ ആകെ 11 കുട്ടികളെയാണ് വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് കുട്ടികൾ ഇന്ന് ഡിസ്‌ചാർജ് ആയിട്ടുണ്ട്. ആറ് കുട്ടികൾ ഇപ്പോഴും ചികിൽസയിലാണ്. അതേസമയം, വിവാഹവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് മാത്രമാണ് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തത്. ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ചതോടെയാണ് കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായത്. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: രോഗബാധ 6,468, പോസിറ്റിവിറ്റി 8.99%, മരണം 23