അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റൽ; ഒരാൾ പിടിയിൽ

By Desk Reporter, Malabar News
Police
Representational Image
Ajwa Travels

കാസർഗോഡ്: അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റിയ സംഘത്തിലെ ഒരാൾ പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ചട്ടഞ്ചാൽ ബണ്ടിച്ചാലിലെ അബ്‌ദുല്ലയാണ് പിടിയിലായത്.

ഇയാളുടെ കൂടെ ഉണ്ടായിരുന്ന ബണ്ടിച്ചാലിലെ റംസാൻ ഓടി രക്ഷപ്പെട്ടു. ഒട്ടേറെ കവർച്ച കേസുകളിലെ പ്രതികളാണ് ഇവർ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചെങ്കള ഇന്ദിരാ നഗറിലായിരുന്നു സംഭവം.

ശനിയാഴ്‌ച അപകടത്തിൽപെട്ട കർഷകശ്രീ മിൽക്ക് കമ്പനിയുടെ വാനിൽ നിന്നാണ് പ്രതികൾ ഇന്ധനം ഊറ്റുന്നതിന് ശ്രമം നടത്തിയത്. കാസർഗോഡ് ഭാഗത്തേക്ക് പാക്കറ്റ് പാൽ കൊണ്ടു പോകുന്നതിനിടെ പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.

അറവ് ശാലയിൽ നിന്ന് കയർ പൊട്ടിച്ച് ഓടിയ രണ്ട് പോത്തുകൾ പെട്ടെന്ന് റോഡിൽ കയറിയപ്പോൾ ഇവയെ ഇടിക്കാതിരിക്കാനായി പാൽ കയറ്റിയ വാൻ വെട്ടിച്ചതാണ് അപകടം ഉണ്ടാകാൻ കാരണം. അപകടത്തിൽ ബോവിക്കാനം സ്വദേശിയായ ഡ്രൈവർ റാസിക് (24) പരുക്കില്ലാതെ രക്ഷപ്പെട്ടു. പാൽ മറ്റൊരു വണ്ടിയിലാക്കി മാറ്റിയിരുന്നെങ്കിലും വാൻ മാറ്റിയിരുന്നില്ല.

പുലർച്ചെ ഉദുമയിൽ നിന്ന് ക്രിക്കറ്റ് കളി കഴിഞ്ഞ് കാറിൽ വരികയായിരുന്ന യുവാക്കളാണ് അപകടത്തിൽപെട്ട വാനിനടിയിൽ ഒരാൾ കിടക്കുന്നതു കണ്ടത്. അപകടം നടന്നതാണെന്ന് കരുതി രക്ഷിക്കാനായി കാർ നിർത്തി ചെന്നപ്പോഴാണ് സ്‌ഥലത്തുണ്ടായിരുന്ന ഒരു യുവാവ് ഓടുന്നത് ശ്രദ്ധയിൽപെട്ടത്.

ഇതോടെയാണ് വാനിനടിയിൽ കിടന്ന് പൈപ്പുവഴി കാനിലേക്ക് പെട്രോൾ ഊറ്റുകയായിരുന്ന അബ്‌ദുല്ലയെ പിടികൂടിയത്. ഇന്ധനം ഊറ്റൽ സംഘം എത്തിയ കാർ അകലെമാറിയാണ് നിർത്തിയത്. മോഷ്‌ടിച്ച കാറിലാണ് സംഘം എത്തിയത്. പ്രതിയെ പിടികൂടിയ യുവാക്കൾ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു.

തുടർന്നു വിദ്യാനഗർ എസ്ഐ എംവി വിഷ്‌ണു പ്രസാദ് സ്‌ഥലത്ത് നടത്തിയ അന്വേഷണത്തിൽ ഇവർ മൂന്നാഴ്‌ച മുമ്പ് കർണാടകയിലെ ഹാസനിൽ നിന്ന് കവർന്ന കാറിലാണ് എത്തിയതെന്നും കണ്ടെത്തി.

കാറിന്റെ ഉടമ പോലീസിനൊപ്പം ഹാസനിൽ നിന്ന് വിദ്യാനഗർ സ്‌റ്റേഷനിലെത്തി. യുവാക്കളുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് അന്തർ സംസ്‌ഥാന വാഹന മോഷ്‌ടാവിനെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു.

Malabar News:  ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല; ഡിഎംഒയോട് വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE