കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപാ നിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവില എത്തിയത്.
കോവിഡ് കാലത്ത് റെക്കോർഡുകൾ ഭേദിച്ചാണ് രാജ്യത്ത് സ്വർണ വില മുന്നേറിയത്. നിക്ഷേപകർ ഓഹരി വിട്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ചുവടു മാറിയതാണ് ഇത്തരത്തിൽ വില വർധിക്കാനുണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന്. എന്നാൽ പവന് 42,000 രൂപ വരെ ഉയർന്ന സ്വർണവില 30,000 രൂപക്ക് താഴെയെത്തുമോ എന്നതാണ് നിലവിൽ നിക്ഷേപകരെ കുഴക്കുന്നത്.
യുഎസിലെ ട്രഷറി ആദായം ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് ഭീഷണി പൂർണമായും ഇല്ലാതാകുകയും വാക്‌സിനേഷൻ ഫലപ്രദമായി പൂർത്തിയാകുകയും ചെയ്യുന്ന ഘട്ടത്തിൽ സ്വർണവില ഇനിയും കുറയാനുള്ള സാധ്യതയുണ്ട്. കോവിഡിനു മുൻപത്തെ സാഹചര്യത്തിലേക്ക് വിപണി തിരിച്ചെത്തിയാൽ വൻകിട നിക്ഷേപകർക്കു സ്വർണത്തോടുള്ള പ്രിയം വീണ്ടും കുറഞ്ഞേക്കാം.
വിലക്കുറവു താൽക്കാലികമാണെന്നും ദീർഘകാല അടിസ്‌ഥാനത്തിൽ സ്വർണവില ഉയരാനാണു സാധ്യതയെന്നുമുള്ള ചില വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇത്തരം കണ്ടെത്തലുകൾ വിഡ്‌ഢിത്തരമാകും എന്ന് തന്നെയാണ് ഒരുവിഭാഗം വിദഗ്‌ധർ പറയുന്നത്.
കാരണം, യുവ സമൂഹത്തിനിടയിൽ ഉൾപ്പടെ സ്വർണാഭരണ താൽപര്യം കുറഞ്ഞുവരുന്നതും ലോകവ്യാപകമായി നിക്ഷേപങ്ങൾ നിയമപരമാക്കി മാറ്റുന്നതും (സ്വർണം വാങ്ങി വീട്ടിലോ മറ്റോ ഒളിച്ചുവച്ച്, ആവശ്യം വരുമ്പോൾ വിറ്റിരുന്ന രീതി കുറയുന്നു) സ്വർണത്തിലുള്ള നിക്ഷേപത്തെ ബാധിക്കാൻ ഇടയുണ്ട്.
Read also: ഡോളർ കടത്ത്; സ്‌പീക്കർക്ക് വീണ്ടും കസ്‌റ്റംസ് നോട്ടീസ്