കൊച്ചി: പ്രമാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുഎഇ സർക്കാർ കോസ്‌റ്റ് ജനറലിന് അയച്ച കാർഗോ എത്തിയത് ഏപ്രിൽ രണ്ടിനായിരുന്നു .കുപ്പിവെള്ളം എന്ന പേരിലാണ് കാർഗോ എത്തിയത്.
സംശയമുണ്ടായതിനെ തുടർന്ന് കാർഗോ പരിശോധിക്കാൻ കസ്‌റ്റംസിന്റെ തന്നെ അസസിങ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ, പരിശോധിക്കാതെ കാർഗോ വിട്ട് നൽകുകയായിരുന്നു. സ്വപ്‌നയുടെ നിർദ്ദേശ പ്രകാരം എം ശിവശങ്കർ മുതിർന്ന കസ്‌റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയാണ് കാർഗോ വിട്ടുകൊടുത്തതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാർഗോ വിട്ടുകൊടുത്തത് എന്തടിസ്‌ഥാനത്തിലാണെന്ന് വിശദീകരിക്കാൻ കസ്‌റ്റംസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
Also Read: രവീന്ദ്രൻ പങ്കാളി; ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇഡി പരിശോധന