കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് വിദ്യാർഥിയുടെ പിതാവ് നിലപാട് അറിയിച്ചത്. എന്നാൽ, വിഷയത്തിൽ സ്‌കൂൾ അധികൃതർ മഞ്ചേശ്വരം പോലീസിൽ പരാതി നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും റിപ്പോർട് തേടിയിട്ടുണ്ട്. അതേസമയം, റാഗിങ്ങിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് തേടിയിരുന്നു. പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. തടഞ്ഞു വെക്കൽ, മാനഹാനിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ് വിവരം. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്. സ്‌കൂളിന് എതിർവശത്തുള്ള കഫ്‌റ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർഥി പറയുന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. സമാന രീതിയിൽ ബേക്കൂർ ഹയർ സെക്കണ്ടറി സ്‌കൂളിലും റാഗിങ്ങ് നടന്നതായി പരാതിയുണ്ട്. എന്നാൽ, ഇവിടെ നിന്നും പരാതി വരാത്തതിനാൽ കേസെടുത്ത് അന്വേഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
Most Read: സമരം നിർത്തി മടങ്ങൂ; കർഷകരോട് കേന്ദ്ര കൃഷി മന്ത്രി