ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് സമരം തുടരുന്ന കർഷകരോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടും കർഷകർ സമരം തുടരുന്നു എന്നാണ് മന്ത്രി പറയുന്നത്.
‘മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷവും കർഷകർ സമരം തുടരുന്നതിൽ അർഥമില്ല. കർഷകരോട് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ അഭ്യർഥിക്കുന്നു’- തോമർ പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്‌ചയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. അന്നേദിവസം സമ്മേളനത്തിന് ഹാജരാകാൻ ലോക്സഭ എംപിമാർക്ക് ബിജെപി വിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.
കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് തോമർ പറഞ്ഞു. കർഷക സംഘടനയിലെ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്നും കൃഷിമന്ത്രി അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നേരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇക്കാര്യം കർഷകർ സ്വാഗതം ചെയ്‌തെങ്കിലും കാർഷിക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കുന്നത് വരെയും പ്രക്ഷോഭം തുടരുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. കൂടാതെ തിങ്കളാഴ്ച കർഷകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
Read also: സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം