കാസർഗോഡ്: അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടങ്ങളിലേക്ക് തള്ളിയതോടെ കൃഷി നടത്താനാകാതെ കർഷകൻ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം മാർച്ച് 16ന് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ എൺപത്തിലേറെ വൈദ്യുത തൂണുകളുടെ അവശിഷ്‌ടങ്ങളാണ് പെരിയ മൂന്നാംകടവിലുള്ള ഹക്കീമിന്റെ കൃഷിയിടത്തിലേക്ക് തള്ളിയത്. അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കൃഷിയിടത്തിലെ അവശിഷ്‌ടങ്ങൾ മാറ്റാൻ അധികൃതർ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ല. ഇതുമൂലം ഒരുവർഷമായി കൃഷി മുടങ്ങിയ മനോവിഷമത്തിലാണ് കർഷകൻ.
പെരിയ മൂന്നാംകടവിലുള്ള കൊടുംവളവിന് താഴെയാണ് ഹക്കീമിന്റെ വീടും കൃഷിയിടവുമുള്ളത്. ഇവിടെയാണ് കഴിഞ്ഞ വർഷം മാർച്ചിൽ ലോറി അപകടം നടന്നത്. കുറ്റിക്കോൽ കെഎസ്ഇബിക്കായി പൊള്ളാച്ചിയിൽ നിന്ന് വൈദ്യുത തൂണുകൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർ മരിക്കുകയും ചെയ്‌തിരുന്നു. വാഹനയുടമ ലോറി നീക്കം ചെയ്‌തിരുന്നു. എന്നാൽ, ലോറിയിൽ ഉണ്ടായിരുന്ന വൈദ്യുത തൂണുകളുടെ അവശിഷ്‌ടങ്ങൾ ഇപ്പോഴും ഇവിടെ തന്നെയുണ്ട്.
കൃഷിയിടത്തിന്റെ ഒത്ത നടുവിലായാണ് തൂണുകളുടെ അവശിഷ്‌ടങ്ങൾ ഉള്ളത്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ കൃഷിയിറക്കാൻ സാധിക്കാത്തതോടെ തൂണുകൾ മാറ്റിതരണമെന്ന് ആവശ്യപ്പെട്ട് ഹക്കീം സെക്ഷൻ ഓഫിസിലും ഡെപ്യൂട്ടി എൻജിനിയറുടെ ഓഫിസിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇവയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ലെന്നാണ് ഹക്കീം പറയുന്നത്. നെല്ലും വാഴയും പച്ചക്കറികളുമെല്ലാം കൃഷിചെയ്‌തിരുന്ന കൃഷിയിടമാണ് ഇപ്പോൾ കാടുകയറി നശിക്കുന്നതെന്ന് ഹക്കീം പറഞ്ഞു. വിഷയത്തിൽ എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് തൂണുകളുടെ അവശിഷ്‌ടങ്ങൾ മാറ്റിതരണമെന്നാണ് കർഷകൻ ആവശ്യപ്പെടുന്നത്.
Most Read: പ്രണയബന്ധം; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു