‘ഒരു വടക്കന്‍ വീരഗാഥ’ ഇനി മുതല്‍ എച്ച്ഡി മികവില്‍

By Team Member, Malabar News
Malabarnews_vadakkan veeragadha
Representational image
Ajwa Travels

1989 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത്‌ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഈ സിനിമ കുറെയധികം അതുല്യ പ്രതിഭകളുടെ ഒത്തുചേരല്‍ കൂടിയാണ്. മമ്മൂട്ടി എന്ന മികച്ച നടന്റെ ഏറ്റവും നല്ല കഥാപാത്രത്തെ ഇപ്പോഴും ആരാധിക്കുന്ന ആളുകള്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. എസ് ക്യൂബ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഈ ചരിത്ര സിനിമയില്‍, വടക്കന്‍ പാട്ടുകളില്‍ നമ്മള്‍ കേട്ടറിഞ്ഞ ചന്തുവിനെ ആയിരുന്നില്ല എം ടി ഒരുക്കി വച്ചിരുന്നത്. ചരിത്രത്തിലെ ക്രൂരനും ചതിയനുമായ ചന്തുവിന് എം ടി മറ്റൊരു മുഖം തന്നെ നല്‍കിയിരുന്നു. മലയാളികള്‍ക്ക് എന്നും നെഞ്ചിലേറ്റി നടക്കാന്‍ പാകത്തിനുള്ള ഒരു മുഖം. അവിടെ ആ കഥാപാത്രത്തെ അനശ്വരക്കാന്‍ മമ്മൂട്ടി എന്ന അതുല്യ പ്രതിഭക്കും സാധിച്ചു. ചന്തുവെന്ന ആ കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മികച്ച നടനുള്ള ദേശീയ അവാര്‍ഡിനൊപ്പം തന്നെ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യും ഡിസൈന്‍ എന്നിവക്കുള്ള മികച്ച ദേശീയ പുരസ്‌കാരവും ഒരു വടക്കന്‍ വീരഗാഥ സ്വന്തമാക്കി. കൂടാതെ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കും ഈ സിനിമ അര്‍ഹത നേടി.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രം എന്നപോലെ തന്നെ സുരേഷ്ഗോപി, മാധവി, ക്യാപ്റ്റന്‍ രാജു, ഗീത, ബാലന്‍ കെ നായര്‍, ഭീമന്‍ രഘു, സുകുമാരി, ചിത്ര, രാജലക്ഷ്മി, ജോമോള്‍, വിനീത് കുമാര്‍ എന്നീ താരങ്ങളുടെയും സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഈ സിനിമയില്‍ കാഴ്ച വച്ചത്. മൂന്നൂറ് ദിവസത്തിലധികം ഈ ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ഒരു കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE