മസ്‌കറ്റ്: ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്‌തമായ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും കൃഷി സ്‌ഥലങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്.
രാജ്യത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മുസന്ദം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, അൽ ദാഖിറ, അൽ ദാഖിലിയ്യ, മസ്‌കറ്റ് എന്നീ ഗവർണറേറ്റുകളിലും വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ പർവ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ഞായറാഴ്‌ച വരെ ഈ കാലാവസ്‌ഥ തുടരുമെന്ന് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മൂലമാണ് കാലാവസ്‌ഥയിലുള്ള ഈ വ്യതിയാനം. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാർഷിക മൽസ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസും അറിയിച്ചു.
Also Read: അത്യാവശ്യ ഘട്ടത്തിൽ മരുന്ന് വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം തേടാം; മുഖ്യമന്ത്രി