കൊച്ചി: സിഎ വിദ്യാർഥിനി ആയിരുന്ന പെരിയപ്പുറം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട് സമർപ്പിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി.
2017 മാർച്ച് 5നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ഹോസ്‌റ്റലിൽ നിന്ന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കലൂർ പള്ളിയിൽ പ്രാർഥിച്ച ശേഷം മിഷേൽ ഗോശ്രീ പാലത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌തുവെന്നാണ് ലോക്കൽ പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തൽ.
എന്നാൽ, മരണം ദുരൂഹമാണെന്നും മിഷേലിന്റെ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വർഗീസ് ചോദിക്കുന്നത്. സംഭവിച്ചെന്ന് പോലീസ് പറയുന്ന 2017 മാർച്ച് 5 എന്ന തീയതിയിൽ പോലും വ്യക്‌തത ഇല്ലെന്നാണ് മിഷേലിന്റെ ബന്ധുക്കളും പറയുന്നത്. മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് അന്വേഷണം നടന്നില്ലെന്നാണ് പരാതി.
ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടില്ലെന്ന് മിഷേലിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. മകൾ ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്ന ആളായിരുന്നുവെന്നും മിഷേലിന്റെ അമ്മയും ഉറപ്പിച്ചു പറയുന്നു. മിഷേലിന്റെ മൊബൈൽ ഫോണും ബാഗും ഇതുവരെ കണ്ടെത്താനാകാത്തതിലും ദുരുഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം