തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറിയതിന് പിന്നാലെ തുടർ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായും വിപുലവുമായും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്.
ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഇന്നലെയാണ് സർക്കാർ അന്വേഷണ സംഘത്തിന് കൈമാറിയത്. റിപ്പോർട്ടിൻമേൽ കർശനമായ വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്ന് സൂചനയുണ്ട്. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഡബ്ളുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്.
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഡബ്ളുസിസി അഞ്ചംഗ പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!