പനാജി: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി-നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് പോരാട്ടം. വാസ്‌കോ തിലക് മൈതാനിയിൽ വൈകീട്ട് 7:30നാണ് മൽസരം ആരംഭിക്കുക. കേരളാ ബ്ളാസ്‌റ്റേഴ്‌സിനോടേറ്റ അപ്രതീക്ഷിത തോൽവി ഒഡിഷയുടെ ആരാധകരെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്.
ഐഎസ്എല്ലിൽ മലയാളി പ്രാതിനിധ്യത്തിൽ രണ്ടാമതുള്ള ടീമാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ്. വിപി സുഹൈർ അടക്കമുള്ള ഒരുപിടി പ്രതിഭാധനരായ ഇന്ത്യൻ താരങ്ങളുള്ള ഹൈലാൻഡേഴ്‌സ് പക്ഷേ സീസണിൽ അത്ര മികച്ച ഫോമിലല്ല.
ഒഡിഷയാവട്ടെ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഗോളടിച്ചു കൂട്ടുന്ന ജാവി ഹെർണാണ്ടസും കാബ്രേറയുമാണ് ഒഡിഷയുടെ തേരാളികൾ. നടപ്പ് സീസണിൽ കാൽഡസൻ ഗോളുകൾ വീതം നേടിയ ഇരുവരും മിന്നും ഫോമിലാണ്. പ്രതിരോധത്തിലെ പോരായ്‌മകളാണ് പരിശീലകൻ കിക്കോ റാമിറെസിനെ അലട്ടുന്നത്. ഗോൾ വലക്ക് മുന്നിൽ കമൽജിത് സിംഗ് പുറത്തെടുക്കുന്നത് തരക്കേടില്ലാത്ത പ്രകടനമാണ്.
ഖാലിദ് ജമീൽ പരിശീലകനായ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് അവസാന കളിയിൽ വിജയിച്ചാണ് വരുന്നത്. ഹെർനാൻ, കമാറ, കൊർയൂർ എന്നീ താരങ്ങൾ തകർപ്പൻ കളിയാണ് പുറത്തെടുന്നത്. ഗോളി സുബാശിഷ് റോയി ചൗധരിയുടെ മാസ്‌മരിക സേവുകളും കൂടിയാകുമ്പോൾ വിജയം തുടരാനാകുമെന്ന് തന്നെ ഹൈലാൻഡേഴ്‌സ് കരുതുന്നു.
Read Also: ‘ഉടുമ്പ്’ നാളെ തിയേറ്ററിൽ; കള്ളുപാട്ടിന് റീമിക്‌സുമായി ഹരീഷ് പേരടിയും അലന്‍സിയറും